ജിദ്ദ: സൗദി അറേബ്യ പ്രഖ്യാപിച്ച ദി ലൈന്‍ പദ്ധതിയെകുറിച്ച് കൂടുതല്‍ അറിയാന്‍ സൗജന്യപ്രദർശനം ഒരുക്കുന്നു. ഇന്ന് മുതല്‍ ആഗസ്റ്റ് 14 വരെ ജിദ്ദയിലെ സൂപ്പർ ഡോമിലാണ് നിയോം സൗജന്യ പ്രദർശനത്തിന്‍റെ ആദ്യഘട്ടം ഒരുക്കുന്നത്. തുടർന്ന് മറ്റിടങ്ങളിലും പ്രദർശനം സംഘടിപ്പിക്കും സൗദി കിരീടാവകാശിയാണ് ദി ലൈന്‍ പദ്ധതി പ്രഖ്യാപിച്ചത്.
അത്ഭുത നഗരിയെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതി സൗദിയുടെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 170 കിലോമീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും 500 മീറ്റർ ഉയരത്തിലുമാണ് നഗരത്തിന്‍റെ നിർമാണം. 90 ലക്ഷം പേർക്ക് താമസിക്കാവുന്ന നഗരത്തിന്‍റെ ആദ്യഘട്ടം 2024 ല്‍ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. മുകളില്‍ നിന്ന് താഴോട്ട് തൂങ്ങി നില്‍ക്കുന്ന വിധത്തിലുളള വീടുകളാണ് പദ്ധതിയുടെ ആകർഷണം.
പദ്ധതിയെ കുറിച്ച് മനസിലാക്കാന്‍ പ്രദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പ്രവേശനം സൗജന്യമാണ്. ഇംഗ്ലീഷിലും അറബികിലും വിവരങ്ങള്‍ നല്കാന്‍ സഹായികളുണ്ടാകും. ഒരു മണിക്കൂറാണ് പ്രദർശനത്തിന്‍റെ ദൈർഘ്യം. ഹല യല്ല മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിയതിയും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യണം.