അബുദബി : കാറിനുളളില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ അബുദബി പോലീസ് രക്ഷപ്പെടുത്തി. കുട്ടിയെ കാറില്‍ ഇരുത്തി അമ്മ അടുത്തുളള കടയിലേക്ക് പോവുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. കുട്ടിയെ കാർ സീറ്റില്‍ ബെല്‍റ്റ് ഇട്ട് ഇരുത്തി, വാഹനത്തിന്‍റെ താക്കോല്‍ എടുക്കാതെയാണ് അമ്മ സാധനങ്ങള്‍ വാങ്ങാനായി പോയത്.എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞതോടെ കാർ ലോക്കായി. താക്കോല്‍ കൈവശമില്ലാത്തതിനാല്‍ കാർ തുറക്കാനാകാതെ അമ്മ പരിഭ്രാന്തിയിലായി. ഇതോടെയാണ് പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തി എവിടേയ്ക്കും പോകരുതെന്ന മുന്നറിയിപ്പ് നിരവധി തവണ വിവിധ എമിറേറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ നല്‍കിയിട്ടുളളതാണ്. കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഗുരുതരമായ അശ്രദ്ധയായി കണക്കാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 5000 രൂപ പിഴയോ ജയില്‍ ശിക്ഷയോ കിട്ടാവുന്ന കുറ്റമാണിതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.