ദോഹ: ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങളിലേക്ക് കടക്കുകയാണ് ഖത്തർ. ഫുട്ബോള്‍ മത്സരം കാണാന്‍ ഹയാ കാർഡ് സ്വന്തമാക്കിയവർക്ക് ഫാന്‍ സോണുകളിലേക്ക് ടിക്കറ്റ് എടുക്കാതെ മൂന്ന് പേരെ കൂടെ ഒപ്പം കൂട്ടാമെന്നുളളതാണ് പുതിയ അറിയിപ്പ്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കിടെയാണ് ഈ അവസരം ലഭിക്കുക.
ഹയാ കാർഡ് ഉടമയ്ക്ക് 3 പേരെ കൂടി മത്സരം കാണാനായി കൂടെ കൊണ്ടുവരാം.അത് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആകാം. നിശ്ചിത ഫീസ് നല്‍കി, മത്സര ടിക്കറ്റില്ലെങ്കിലും ലോകകപ്പിന്‍റെ ഫാന്‍ സോണുകളിലെ ആഘോഷങ്ങളില്‍ ഇവര്‍ക്ക് പങ്കെടുക്കാം. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
നവംബർ 20 മുതല്‍ ഡിസംബർ 6 വരെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ സമയത്താണ് പ്രവേശനം അനുവദിച്ചിട്ടുളളത്. ലോകകപ്പ് കാണാന്‍ ടിക്കറ്റ് എടുക്കാത്തവരേയും ഫാന്‍ സോണുകളിലെ ആവേശ ആരവങ്ങളിലേക്ക് എത്തിക്കുകയെന്നുളളതാണ് ഇതിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്നവർക്ക് ഹയാ കാർഡ് പ്രവേശന വിസ കൂടിയാണ്. ഹയാ കാർഡുണ്ടെങ്കില്‍ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെയുള്ള സമയങ്ങളില്‍ എത്ര തവണ വേണമെങ്കിലും ഖത്തറിന് പുറത്ത് പോയിവരാം. ഇതുവരെ 2.45 മില്ല്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്നും അധികൃതർ അറിയിച്ചു.
ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡയറക്ടര്‍ ജനറല്‍ എന്‍ജി. യാസര്‍ അല്‍ ജമാല്‍, സുപ്രീം കമ്മിറ്റി സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റി പ്രതിനിധി കേണല്‍ ജാസിം അബ്ദുല്‍റഹിം അല്‍സെയ്ദ്, ഫിഫ ലോകകപ്പ് ഖത്തര്‍ സിഇഒ നാസര്‍ അല്‍ ഖാദര്‍ തുടങ്ങിയവർ പങ്കെടുത്തു.