ന്യൂയോര്‍ക്ക്: ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് നാളെ 21 വയസ്. 2001 സെപ്റ്റംബര്‍ 11 നാണ് അമേരിക്കന്‍ ജനതയെ ഞെട്ടിച്ച വന്‍ ഭീകരാക്രമണം അരങ്ങേറിയത്. റാഞ്ചിയെടുത്ത യാത്രാ വിമാനങ്ങളുമായാണ് അല്‍ ഖ്വയ്ദ ഭീകരര്‍ അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്തിയത്.
ന്യൂയോര്‍ക്കില്‍ തലയെടുപ്പോടെ നിന്നിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് രണ്ടെണ്ണവും മൂന്നാമത്തേത് യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചു കയറി.
മറ്റൊന്ന് പെന്‍സില്‍വേനിയയില്‍ തകര്‍ന്നു വീണു. ഈ വിമാനത്തിന്റെ ആക്രമണ ലക്ഷ്യം എവിടെയായിരുന്നുവെന്ന് ഇന്നും വ്യക്തമല്ല. ആക്രമണത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന് നിലം പൊത്തി. നിരപരാധികളായ 2,977 പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ഭീകരരും മരിച്ചു.
ജോര്‍ജ് ഡബ്ല്യൂ ബുഷ് ആയിരുന്നു 9/11 ഭീകരാക്രമണ സമയത്ത് അമേരിക്കയുടെ പ്രസിഡന്റ്. ഫ്‌ളോറിഡയില്‍ ഒരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കുന്ന വേളയിലാണ് ഭീകരാക്രമണ വിവരം ബുഷ് അറിയുന്നത്. ഉദ്യോഗസ്ഥനെത്തി ബുഷിനോട് ആക്രമണ വിവരം പറയുന്നതും അദ്ദേഹം ഞെട്ടിയതുമെല്ലാം പരിപാടി ചിത്രീകരിക്കാനെത്തിയ കാമറക്കണ്ണുകളുടെ മുന്നില്‍ വച്ചായിരുന്നു.

പില്‍കാലത്ത് ബുഷിന്റെ ഈ ' ഞെട്ടല്‍ ' ചിത്രങ്ങള്‍ ലോക പ്രശസ്തമായി. അന്നത്തെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ആന്‍ഡ്രൂ കാര്‍ഡ് ആയിരുന്നു ബുഷിന്റെ ചെവിയില്‍ ' അമേരിക്ക ഇസ് അണ്ടര്‍ അറ്റാക്ക്' എന്ന് പറഞ്ഞത്. ആക്രമണം നടന്ന രാത്രി തന്നെ ബുഷ് അമേരിക്കയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
മൂന്നാം ദിവസം ഭീകരാക്രമണം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിച്ചു. ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ബുഷ് അവിടെ വച്ച് പ്രഖ്യാപിച്ചു. 85 ശതമാനത്തോളം അമേരിക്കന്‍ ജനത അന്ന് ഭീകരതയ്‌ക്കെതിരെ ബുഷിനൊപ്പം അണി നിരന്നു. 2004 ല്‍ രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് ബുഷ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബുഷിനെ ലൂസിയാനയിലെയും നെബ്രസ്‌കയിലേയും മിലിട്ടറി ബേസുകളിലേക്ക് മാറ്റിയപ്പോള്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിലെ ഒരു ബങ്കറിനുള്ളില്‍ നിന്നാണ് സര്‍ക്കാര്‍ നടപടികളെ ഏകോപിപ്പിച്ചത്.
9/11 ഭീകരാക്രമണത്തിന്റെ ബുദ്ധി കേന്ദ്രമായിരുന്ന അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ആക്രമണം നടന്ന് ഒരു ദശാബ്ദമാകുന്നതിന് മുന്‍പു തന്നെ അമേരിക്ക വധിച്ചു. 2011 മെയില്‍ പാകിസ്ഥാനിലെ അബാട്ടാബാദില്‍ വച്ച് യു.എസ് കമാന്‍ഡോകളാണ് അതി സാഹസികമായി ബിന്‍ ലാദനെ വധിച്ചത്.