ദുബായ്: യുഎഇയില്‍ ഉച്ചവിശ്രമ നിയം അവസാനിച്ചു. കടുത്ത ചൂടില്‍ പുറം ജോലികള്‍ ചെയ്യുന്നവർക്ക് ആശ്വാസമാകുകയെന്നുളളത് ലക്ഷ്യമിട്ടാണ് മൂന്ന് മാസത്തെ ഉച്ചവിശ്രമം ജൂണ്‍ 15 ന് ആരംഭിച്ചത്.
ഉച്ച 12.30 മുതല്‍ മൂന്ന് മണിവരെയാണ് വിശ്രമം. വിവിധ നിർമ്മാണ മേഖലകള്‍ ഉള്‍പ്പടെ കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം ഇക്കാലയളവില്‍ അധികൃതർ പരിശോധന നടത്തി.
99 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചതായി മാനവവിഭവശേഷി, സ്വദേശി വല്‍ക്കരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
55,192 പരിശോധനകളാണ് നടത്തിയത്. നിയമം ലംഘിക്കുന്നവരെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിരുന്നു.
ചൂട് കാരണമുണ്ടാകുന്ന അപകടങ്ങളും മറ്റും ഉച്ചവിശ്രമം നടപ്പാക്കിയതിന് ശേഷം ഗണ്യമായി കുറഞ്ഞതായും അധികൃതർ വിലയിരുത്തി. നിയമം ലംഘിക്കുന്നവർക്ക് 5000 മുതല്‍ 50,000 ദിർഹം വരെയാണ് പിഴ.