നിയോം: 2029 ലെ ഏഷ്യന്‍ വിന്‍റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും. നിയോമിലായിരിക്കും ഏഷ്യന്‍ വിന്‍റർ ഗെയിംസ് നടക്കുക. സൗദിയുടെ വിഷന്‍ 2030 ന്‍റെ ഭാഗമായി നടക്കുന്ന ദേശീയ വികസന പദ്ധതിയുടെ ഭാഗമാണ് നിയോം. ഏഷ്യന്‍ വിന്‍റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയറിയിച്ച് സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി (എസ്.ഒ.പി.സി) ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യക്ക് നേരത്തെ കത്ത് കൈമാറിയിരുന്നു.
സൗദി സമ്പദ് വ്യവസ്ഥയെ പരിവർത്തനം ചെയ്യുക, പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ആശയപ്രകാരമാണ് സൗദി 2030 നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന കായിക വിനോദമാണ് ഏഷ്യന്‍ വിന്‍റർ ഗെയിംസ്. നാല് വർഷത്തിലൊരിക്കലാണിത് സംഘടിപ്പിക്കുന്നത്.