അബുദബി-മസ്കറ്റ്: യുഎഇ-ഒമാന്‍ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുളള ആദ്യനടപടികള്‍ക്കായി ഇരു രാജ്യങ്ങളിലെയും അധികൃതർ യോഗം ചേർന്നു. യു എ ഇ യുടെ ദേശീയ റെയിൽവേ കമ്പനിയായ ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ എന്നിവയുടെ കമ്പനി ഡയറക്ടർമാർ തമ്മിലുള്ള യോഗമാണ് നടന്നത്. ഇരു കമ്പനികളും ചേർന്ന് പുതിയൊരു കമ്പനി രൂപീകരിക്കുക എന്നതാണ് ആദ്യഘട്ട നടപടി. തന്ത്രപരമായ കാഴ്ച്ചപ്പാടിലൂടെ സംയുക്തമായ പ്രവർത്തനവും സഹകരണവും വർധിപ്പിക്കാനും ഇരു രാജ്യങ്ങളും ശ്രമം നടത്തുന്നുണ്ട്.
ഒമാനിലെ സോഹാർ തുറമുഖത്തെ അബുദബിയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി.യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഒമാന്‍ സന്ദർശനത്തിന്‍റെ ഭാഗമായാണ് കരാർ ഒപ്പുവച്ചത്. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുകയെന്നാണ് കണക്കുകൂട്ടുന്നത്. സോഹാറില്‍ നിന്ന് അബുദബിയിലേക്ക് ഒരുമണിക്കൂർ 40 മിനിറ്റുകൊണ്ട് എത്തുന്ന രീതിയിലും അലൈനിലേക്ക് 47 മിനിറ്റുകൊണ്ട് എത്തുന്ന രീതിയിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിനോദ - വാണിജ്യ- സാമ്പത്തിക മേഖലയില്‍ നിർണായകമാകും റെയില്‍ പദ്ധതിയെന്നാണ് വിലയിരുത്തല്‍