യുഎഇയില്‍ 60 ദിവസത്തെ സന്ദർശക വിസ നല്‍കുന്നത് ആരംഭിച്ചു

യുഎഇയില്‍ 60 ദിവസത്തെ സന്ദർശക വിസ നല്‍കുന്നത് ആരംഭിച്ചു

ദുബായ്: യുഎഇയില്‍ 60 ദിവസത്തെ സന്ദർശക വിസ നല്കുകുന്നത് ആരംഭിച്ചതായി ട്രാവല്‍ ഏജന്‍റുമാർ സ്ഥിരീകരിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യുടെ അറിയിപ്പ് പ്രകാരം ഈ മാസം മൂന്നുമുതല്‍ നിലവില്‍ വന്ന വിസാമാറ്റങ്ങളുടെ ഭാഗമായാണ് ഇത്. 90 ദിവസത്തെ വിസ നല്‍കുന്നത് നിർത്തിവച്ചതിന് പിന്നാലെയാണ് 60 ദിവസവിസ നല്‍കുന്നത് ആരംഭിച്ചത്. 

30 ദിവസത്തേക്കും വിസ ലഭിക്കും. 60 ദിവസത്തേക്ക് എടുക്കുന്ന വിസ ദീർഘിപ്പിക്കാനുളള സൗകര്യം ലഭിക്കില്ല. 30 ദിവസത്തേക്ക് എടുക്കുന്ന വിസ ആവശ്യമെങ്കില്‍ ദീർഘിപ്പിക്കാം. സന്ദർശകവിസയുടെ പിഴ 100 ല്‍ നിന്ന് 50 ദിർഹമാക്കി കുറച്ചു. നിലവില്‍ 90 ദിവസത്തെ വിസയിലെത്തിയവർക്കും നടപടികള്‍ പൂർത്തിയാക്കി വരാനിരിക്കുന്നവർക്കും തീരുമാനം ബാധകമല്ല. 

വിസ നല്‍കുന്നതില്‍ സമഗ്രമാറ്റമാണ് യുഎഇ വരുത്തിയിരിക്കുന്നത്. 60, 90, 120 ദി​വ​സ​ങ്ങ​ളി​ലേ​ക്ക് വി​സ​ ല​ഭി​ക്കുന്ന തൊഴിലന്വേഷകർക്കായുളള ജോബ് എക്സ്പ്ലോറർ വിസയും ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന സ്പോണ്‍സർ ആവശ്യമില്ലാത്ത നിബന്ധനകളോടെയുളള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും സ്വ​യം തൊ​ഴി​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ, ഫ്രീ​ലാ​ൻ​സ് ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് നിബന്ധനകളോടെ ലഭ്യമാകുന്ന അ​ഞ്ച് വ​ർ​ഷ ഗ്രീ​ൻ​വി​സയുമെല്ലാം ഇതിന്‍റെ ഭാഗമായി യുഎഇ നടപ്പിലാക്കിയതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.