ദുബായ്: ഈ വർഷം അവസാനത്തോടെ എമിറേറ്റിലെ ആശുപത്രികളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുളള ഏകീകൃത സംവിധാനം നടപ്പിലാക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. രോഗികളുടെ വിവരങ്ങള്‍ ഇലക്ട്രോണിക് ഫയലില്‍ ഉള്‍പ്പെടുത്തിയാണ് ഇത് സാധ്യമാക്കുക. ദുബായ് വേൾഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജൈറ്റക്സ് ഗ്ലോബൽ എക്‌സിബിഷനിലാണ് ദുബായ് ഹെൽത്ത് അതോറിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്.
രോഗികളുടെ ആരോഗ്യവിവരങ്ങളെല്ലാം ഈ ഇലക്ട്രോണിക് ഫലയില്‍ ഉണ്ടായിരിക്കും. സൗകര്യത്തിനനുസരിച്ച് രോഗി ആശുപത്രികള്‍ മാറിയാലും രോഗവിവരങ്ങളും റിപ്പോർട്ടുകളുമെല്ലാം ഇ ഫയലില്‍ ലഭ്യമാകും. യുഎഇയിലെ എല്ലാവർക്കും ഇലക്ട്രോണിക് മെഡിക്കല്‍ ഫയല്‍ ഉറപ്പാക്കുന്ന റിയാതി ഇനീഷ്യേറ്റീവുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഓരോരുത്തരുടേയും ആരോഗ്യവും പ്രതിരോധവും വർദ്ധിപ്പിക്കുകയും ആരോഗ്യ അപകട സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുകയെന്നുളളതാണ് ഇതിലൂടെ ഡിഎച്ച്എ ലക്ഷ്യമിടുന്നത്.