തിരുവനന്തപുരം: ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇ.ഡി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എം ശിവശങ്കര്‍ കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്.
ഇ.ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തി. അത് താന്‍ നിരസിച്ചതാണ് തന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. സ്വപ്നയുടെ ലോക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. എന്‍.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തില്‍ നിന്നുള്ളതാണെന്നാണ്. എന്നാല്‍ ഇ.ഡി പറയുന്നത് കൈക്കൂലിയാണെന്നാണ്.
ഇ.ഡി അവരുടെ താല്പര്യമനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്‍റെ വാദം. എന്നാല്‍ ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് സ്വപ്നം എല്ലാം തുറന്ന് പറഞ്ഞെന്നും ഇതിന് തെളിവുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ ഇ.ഡി മുദ്രവെച്ച കവറില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് കോടതി ഇന്ന് വിധി പറയുക.