ദുബായ്: യുഎഇയുടെ വണ്‍ ബില്ല്യണ്‍ മീല്‍സ് പദ്ധതിയിലൂടെ ഇന്ത്യയിലും പാകിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി അധികൃതർ. ലോകത്താകമാനമുളള നിരാലംബരും ദരിദ്രരുമായ ആളുകള്‍ക്ക് ഭക്ഷണമെത്തിക്കുകയെന്നത് ലക്ഷ്യമിട്ടാണ് വണ്‍ ബില്ല്യണ്‍ മീല്‍സ് പദ്ധതി യുഎഇ നടപ്പിലാക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ ആവശ്യക്കാർക്ക് ഭക്ഷണമെത്തിച്ചുനല്‍കുന്നു വണ്‍ ബില്ല്യണ്‍ മീല്‍സ്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, കാംബോഡിയാനിയ എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള നിരാലംബരും പോഷകാഹാരക്കുറവുള്ളവരുമായ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണ സഹായം നല്‍കി.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി 15,37,500 പേർക്കാണ് ഭക്ഷണപ്പൊതികളെത്തിച്ചത്. വണ്‍ ബില്ല്യണ്‍ മീല്‍സിലെ 60 കോടി ഭക്ഷണപ്പൊതികള്‍ നിരവധി പേരുടെ സംഭാവനയിലാണ് യഥാർത്ഥ്യമായത്. 40 കോടി ഭക്ഷണപ്പൊതികള്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സംഭാവന ചെയ്തത്.