ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീല്‍വച്ച കവറില്‍ ഒരു റിപ്പോർട്ട് സിബിഐ സുപ്രിംകോടതിയില്‍ നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാതിരിക്കുകയും സിബിഐയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൂടാതെ സിബിഐ ആവശ്യപ്പെട്ട രേഖകള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നില്ല.
കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറിയില്ല . സിബിഐ നിലപാട് തന്നെയാവും കേസില്‍ നിര്‍ണായകമാവുക. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം എന്തിനെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന ചോദ്യം. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും ഒരുസംഘം കൊലപ്പെടുത്തിയത്.