ദുബായ്: വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 12.5 കിലോ മയക്കുമരുന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. ഏറ്റവും നൂതനമായ സ്ക്രീനിംഗ് സാങ്കേതികവിദ്യകളുടെ സഹായത്തോടയാണ് ആഫ്രിക്കയില്‍ നിന്നും വന്ന യാത്രാക്കാരനില്‍ നിന്ന് ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാളുടെ ബാഗേജിനെ കുറിച്ച് പരിശോധന ഉദ്യോഗസ്ഥനാണ് ആദ്യം സംശയം തോന്നിയത്. യാത്രാക്കാരനോട് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടോ എന്ന് ചോദിച്ചെങ്കിലും ഒന്നും വെളിപ്പെടുത്താനില്ലെന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
രണ്ട് ബാഗുകളിലായാണ് മയക്കുമരുന്ന ഒളിപ്പിച്ചിരുന്നത്. ആദ്യ ബാഗില്‍ രണ്ട് പ്ലാസ്റ്റിക് കവറുകളിലായി 2.9 കിലോയും 2.7 കിലോയും കഞ്ചാവുണ്ടായിരുന്നു. രണ്ടാമത്തെ ബാഗില്‍ നിന്ന് 3.4 കിലോയുടെയും 3.5 കിലോയുടെയും രണ്ട് പ്ലാസ്റ്റിക് കവറുകള്‍ അധികൃതർ പിടിച്ചെടുത്തു. പരിശോധനാ ഓഫീസർമാരുടെ കാര്യക്ഷമതയേയും കഠിനാധ്വാനത്തേയും ഓപ്പറേഷന്‍സ് വിഭാഗത്തിലെ പാസഞ്ചർ ഡയറക്ടർ ഇബ്രാഹിം അൽ കമാലി അഭിനന്ദിച്ചു. എമിറേറ്റിന്‍റെ ആദ്യ പ്രതിരോധ നിരയാണ് ദുബായ് കസ്റ്റംസെന്നും അദ്ദേഹം പറഞ്ഞു.