ഫ്രാന്‍സിസ് മാർപാപ്പയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ വിപുലം

ഫ്രാന്‍സിസ് മാർപാപ്പയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ വിപുലം

മനാമ: ഫ്രാന്‍സിസ് മാർപാപ്പയുടെ ചരിത്രസന്ദർശനത്തിനായുളള ഒരുക്കങ്ങള്‍ വിപുലം. നവംബർ അഞ്ചിന് ബഹ്റൈന്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പതിനായിരകണക്കിന് പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24,000 പേരെ ഉള്‍ക്കൊളളാന്‍ കഴിയുന്നതാണ് സ്റ്റേഡിയം. രാവിലെ 8.30ന് ആരംഭിക്കുന്ന പരിപാടിയ്ക്കായുളള രജിസ്ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. നൂറോളം പേരടങ്ങുന്ന ഗായക-സംഗീതജ്ഞ സംഘമാണ് കുർബാന നടക്കുന്ന ദിവസം സംഗീതമാലപിക്കുക.വയലിന്‍, പുല്ലാങ്കുഴല്‍,ഗിറ്റാർ, കീബോർഡ് എന്നിവയുടെ അകമ്പടിയോടെയായിരിക്കും ഗായകസംഘം ഗാനമാലപിക്കുന്നത്. എട്ട് സംഗീതജ്ഞർ നേതൃത്വം നല്‍കും.


ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നതിനാണ് അന്നേ ദിവസം തങ്ങള്‍ ഗാനം ആലപിക്കുക, ഹൃദയത്തില്‍ നിന്നുളള പ്രാർത്ഥനയാകും അത് ഗായക സംഘത്തിലെ പ്രധാനി വാർട്ടർ ബ്രാഗന്‍ഡ പറയുന്നു. ബഹ്‌റൈൻ നാഷണൽ സ്‌റ്റേഡിയത്തിൽ 28,000 പേരോളം വരുന്ന കാണികൾക്ക് മുമ്പാകെ പാടുന്നതിൽ ഗായകസംഘത്തിലെ അംഗങ്ങൾ ആവേശഭരിതരാണെന്നും അവർ പറയുന്നു.മാർപാപ്പ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗായകസംഘം ഗീതങ്ങള്‍ ആലപിക്കും. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, തഗലോഗ് ഭാഷങ്ങളില്‍ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ് ഗാനങ്ങളുണ്ടാവുക.കുർബാനയ്ക്കിടെ ഇംഗ്ലീഷിലും ലാറ്റിനിലും 14 സ്തുതിഗീതങ്ങൾ ആലപിക്കും.

മാർപാപ്പയെ സ്വീകരിക്കുന്ന ഗായകസംഘത്തില്‍ ഉള്‍പ്പെട്ടത് ജീവിതകാലനേട്ടമാണെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ഗാം ജോണ്‍ പറഞ്ഞു.മാർപാപ്പ ബഹ്റൈന്‍ സന്ദർശിക്കാനെത്തുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറായ ബ്രാഗന്‍ഡ പറഞ്ഞു. കുർബാനയുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് 30 വർഷമായി ബഹ്റൈനില്‍ താമസിക്കുന്ന മേരി ആഞ്ചലിന്‍ പ്രതികരിച്ചു.

നവംബർ മൂന്ന് മുതല്‍ ആറുവരെയാണ് മാർപാപ്പ ബഹ്റൈനിലുണ്ടാവുക. കിഴക്കും പടിഞ്ഞാറും മനുഷ്യസഹവർത്തിത്വത്തിനായി എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മാർപാപ്പ ബഹ്റൈനില്‍ എത്തുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 200 ലധികം മത നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം.


നവംബർ മൂന്നിന് രാവിലെ പ്രാദേശിക സമയം 9.30 ന് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ നിന്നാണ് മാർപാപ്പ പുറപ്പെടുക. ബഹ്റൈന്‍ നഗരമായ അവാലിയില്‍ വൈകീട്ട് പ്രാദേശിക സമയം 4.45 ന് എത്തുന്ന അദ്ദേഹം തുടർന്ന് സഖീർ രാജകൊട്ടാരത്തില്‍ വച്ച് ഹമദ് രാജാവിനെ സന്ദർശിക്കും. ബഹ്റൈന്‍ അധികാരികള്‍ സിവില്‍ സൊസൈറ്റി, നയതന്ത്ര സേന അധികൃതർ എന്നിവരുമായി കൂടികാഴ്ച നടത്തും.വെള്ളിയാഴ്ച രാവിലെ ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗിന്‍റെ സമാപന സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും.ഉച്ചകഴിഞ്ഞ്, അദ്ദേഹം അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും.അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യയില്‍ സമാധാന പ്രാർത്ഥനയും മാർപാപ്പയുടെ നേതൃത്വത്തില്‍ നടക്കും. 161,000 വിശ്വാസികളുള്ള രാജ്യത്തെ കത്തോലിക്കർക്കായി രാവിലെ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ കുർബാനയും നടക്കും. ഉച്ചയ്ക്ക് സേക്രഡ് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.ഞായറാഴ്ച രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിത വ്യക്തികൾ, സെമിനാരികൾ, എന്നിവരുമായുള്ള പ്രാർത്ഥനാ യോഗത്തോടെ ഔദ്യോഗിക പരിപാടികള്‍ പൂർത്തിയാകും. വൈകീട്ട് 5 മണിയോടെ മാർപാപ്പ റോമിലേക്ക് തിരിക്കും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.