തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി പലരും ജയിലിൽ സന്ദർശിക്കുന്നുണ്ടെന്ന ബി ജെ പി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ ജയിൽ മേധാവി ഋഷിരാജ് സിങ് രംഗത്തെത്തി. വ്യാജപ്രചരണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന് അയച്ച കത്തിൽ ഋഷിരാജ് സിങ് വ്യക്തമാക്കി.
വ്യക്തമായ പരിശോധനയോ ധാരണയോ ഇല്ലാതെ ജയിൽ വകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശമുണ്ടായതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വപ്നയെ സന്ദർശിക്കാൻ വിവിധ അന്വേഷണ ഏജൻസികളെ കൂടാതെ അമ്മ, മക്കൾ, സഹോദരൻ, ഭർത്താവ് എന്നിവർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.
ജയിൽ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സന്ദർശനവും നടത്തുന്നത്. ജയിലിലെ ബന്ധപ്പെട്ട രജിസ്റ്ററുകളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചാൽ ഇത് വ്യക്തമാകും എന്നും ജയിൽ മേധാവി പറഞ്ഞു.