തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വപ്ന സുരേഷ്. ഇക്കാര്യം അന്വേഷിക്കാൻ എത്തിയ ദക്ഷിണ മേഖല ജയിൽ ഡിഐജിയോടാണ് സ്വപ്ന ഇക്കാര്യം സമ്മതിച്ചത്. എന്നാൽ ശബ്ദം എപ്പോഴാണ് റെക്കോർഡ് ചെയ്‌തതെന്ന് ഓർക്കുന്നില്ലന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
സ്വപ്നയുടെ ശബ്ദ സന്ദേശം ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ഡിഐജി പറഞ്ഞു. സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി അറിയിച്ചു. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ റെക്കോർഡ് ചെയ്ത് ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നാണ് ജയിൽ വകുപ്പിന്റെ നിഗമനം.
സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ മേധാവി ഋഷിരാജ് സിംഗ് ദക്ഷിണമേഖല ജയിൽവകുപ്പ് ഡിഐജിയോട് നിർദ്ദേശിച്ചത്.