കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) അക്ഷരദീപം മലയാളം പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവവും അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ വച്ച് നവംബർ 5 ന് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭാവി തലമുറയ്ക്ക് മലയാളഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ സഹായകങ്ങളാകുന്ന ഭാഷാപഠന കേന്ദ്രമാണ് അക്ഷരദീപം.
അക്ഷരദീപം ഹെഡ്മാസ്റ്റർ ജയ്സൺ മേലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ. കെ. സി.എ പ്രസിണ്ടന്റ് ജയേഷ് ഓണശ്ശേരിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ കെ സി എ ജനറൽ സെക്രട്ടറി ബിജോ മാൽപാങ്കൽ , ട്രഷറർ ജോസ്കുട്ടി പുത്തൻതറ, മലയാളം മിഷൻ കെ. കെ. സി. എ അക്ഷരദീപം മേഖല കോർഡിനേറ്റർ ജിനു കുര്യൻ വിദ്യാർത്ഥി പ്രതിനിധി അക്സ മരിയ ജോമോൻ എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെയും അധ്യാപകരുടെയും കാവ്യാലാപനം, ഗെയിമുകൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
അധ്യാപനവൃത്തിയിൽ നിന്നും വിരമിക്കുന്ന ജോബി ചാമംകണ്ടയിലിനെ മെമെന്റോ നൽകി ആദരിച്ചു.പുതിയ അധ്യയന വർഷത്തേക്കുള്ള പാഠ്യപുസ്തകങ്ങൾ അധ്യാപകർക്ക് വിതരണം ചെയ്തു. ഈ വർഷം പുതുതായി അക്ഷരദീപം പാഠ്യപദ്ധതിയിലേക്ക് നിയമിക്കപ്പെട്ട അസിസ്റ്റൻറ് ഹെഡ്മാസ്റ്റർ ടോമി പടിഞ്ഞാറെനന്നികുന്നേലിനെയും, കെ. കെ. സി.എ അക്ഷരദീപം കോർഡിനേറ്ററായി നിയമിക്കപ്പെട്ട ബൈജു ജോസഫ് കോച്ചാംകുന്നേലിനെയും കുട്ടികൾക്കും അധ്യാപകർക്കുമായി പരിചയപ്പെടുത്തി.
വരുൺ കുര്യൻ, എലിസബത്ത് ഷാജി എന്നിവർ പരിപാടികൾ ഏകോപിച്ചു.



