ദുബായ്: ഫുട്ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് ദിവസേന 120 ദുബായ്-ദോഹ മാച്ച് ഡേ ഷട്ടിൽ സർവീസുകൾ നടത്തുമെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ദുബായ് അൽമക്തൂം വിമാനത്താവളത്തിൽനിന്നാണ് ദോഹയിലേക്ക് വിമാനങ്ങൾ പുറപ്പെടുക.
അതേസമയം ഫ്‌ളൈ ദുബായ്, ഖത്തർ എയർവേയ്‌സ് എന്നീ വിമാനങ്ങളാണ് സർവീസുകൾ നടത്തുക. ഈ മാസം 20 നും ഡിസംബർ 19 നുമിടയിലാണ് പ്രതിദിനം 120 ഷട്ടിൽ ഫ്‌ളൈറ്റുകൾ സർവീസ് നടത്തുക. ലോകകപ്പിനുള്ള പ്രധാന കവാടം ദുബായ് നഗരമായിരിക്കുമെന്നതിനാൽ വിമാനത്താവളങ്ങളിൽ അനിയന്ത്രിതമായ തിരക്കുണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ദോഹയിൽനിന്ന് തിരിച്ച് ദുബായിലേക്ക് ആരാധകരെ എത്തിക്കാനും ഷട്ടിൽ സർവീസുകൾ ഉപയോഗിക്കും.