അബുദബി: അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ബയോമെട്രിക് പദ്ധതിക്ക് തുടക്കം കുറിച്ചു. മുഖം സ്കാന്‍ ചെയ്ത് യാത്രാക്കാർക്ക് ബോർഡിംഗ് പാസും മറ്റ് സേവനങ്ങളും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടമാണ് നിലവില്‍ നടപ്പിലാക്കിയിട്ടുളളത്. അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാ സ്ഥാപനമായ നെക്സ്റ്റ് 50 ആണ് സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. സെല്‍ഫ് സർവ്വീസ് ബാഗേജ് ടച്ച് ച്ച് പോയിന്‍റുകളിലും ഇമിഗ്രേഷൻ ഇ-ഗേറ്റുകളിലും ബോർഡിംഗ് ഗേറ്റുകളിലും എല്ലാ പാസഞ്ചർ ടച്ച് പോയിന്‍റുകളിലും സാങ്കേതികവിദ്യ നടപ്പിലാക്കും.
അബുദബിയുടെ ഡിജിറ്റൽ പരിവർത്തന കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ബയോമെട്രിക്സ് പദ്ധതി വരുന്നതെന്ന് നെക്സ്റ്റ് 50 സിഇഒ ഇബ്രാഹിം അൽ മന്നാഇ പറഞ്ഞു. കാത്തിരിപ്പ് കുറയ്ക്കുന്നതിനും നീണ്ട ക്യൂ ഒഴിവാക്കാനും പദ്ധതിയിലൂടെ സാധ്യമാകും. അത്യാധുനിക ബയോമെട്രിക് കാമറകളിലൂടെ യാത്രികരുടെ വിവരങ്ങൾ അതിവേഗം തിരിച്ചറിയുന്നതിലൂടെ, ബാഗേജ് ഡ്രോപ്, പാസ്പോർട്ട് കൺട്രോൾ, ബിസിനസ് ക്ലാസ് ലോഞ്ച്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ യാത്രികർക്ക് താമസം കൂടാതെ അതിവേഗം കടന്നുപോവാനും കഴിയും.
പദ്ധതി പൂർണതോതില്‍ പ്രവർത്തനക്ഷമമാകുന്നതോടെ ബയോമെട്രിക് യാത്രയിലെ എല്ലാ ടച്ച് പോയിന്‍റുകളും ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം അബുദാബിയാകുമെന്ന് അബുദബി വിമാനത്താവള എംഡിയും സിഇഒയുമായ എഞ്ചി. ജമാല്‍ സാലെം അല്‍ ദഹേരി പറഞ്ഞു.