തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി മാറ്റിപ്പറയാൻ സമ്മർദമെന്ന് തൃശൂർ ചുവന്നമണ്ണ് സ്വദേശി ജെൻസൺ. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. വിളിച്ച ആളുടെ ഫോൺ സംഭാഷണം ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. ദിലീപിനെതിരായ മൊഴി മാറ്റിപറയില്ലെന്നും ജെൻസൺ പറഞ്ഞു.
പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജെൻസൻ. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റാന്‍ 5 സെന്‍റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. ഇക്കാര്യങ്ങൾ വ്യക്തമാക്കി പീച്ചി പൊലീസിലാണ് പരാതി നല്‍കിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൾസർ സുനി ജെൻസണോട് പറഞ്ഞന്നും, ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും അത് കൊട്ടേഷൻ ആയിരുന്നു എന്നും പൾസർ സുനി പറഞ്ഞെന്ന് ജെൻസൺ ജയിലിൽ നിന്നും പുറത്തു വന്ന ശേഷം പോലീസിന് മൊഴി നൽകിയിരുന്നു. ഇത് കേസന്വേഷണത്തിൽ നിർണായകമായി മാറുകയും ചെയ്തു.
ഇതേ കേസില്‍ മറ്റൊരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ഇന്ന് അറസ്റ്റിലായിട്ടുണ്ട്. പത്തനാപുരത്ത് വെച്ച് ബേക്കല്‍ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർഗോട്ടേക്ക് കൊണ്ടുപോയി. കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.