അൺ എയ്ഡഡ് സ്കൂൾ ഫീസ് ചെലവിന് ആനുപാതികമായിരിക്കണം: ഹൈക്കോടതി

അൺ എയ്ഡഡ് സ്കൂൾ ഫീസ് ചെലവിന് ആനുപാതികമായിരിക്കണം: ഹൈക്കോടതി

കൊച്ചി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അൺ എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയന വർഷം ചെലവിന് ആനുപാതികമായി മാത്രമേ ഫീസ് ഈടാക്കാവൂ എന്ന് സി ബി എസ് ഇ യും സർക്കാരും സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. ആദ്യ  ഗഡു ഫീസ് പൂർണമായും എല്ലാ വിദ്യാർഥികളും രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഫീസിളവ് തേടിയുള്ള വിവിധ ഹർജികൾ പരിഗണിച്ചാണ് നിർദ്ദേശം. കേസിൽ കക്ഷികളായ രക്ഷിതാക്കളോട് ഫീസിന്റെ ആദ്യ ഗഡുവായി 50 ശതമാനം  അടയ്ക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഫീസ് അടയ്ക്കാത്തവർ ഉണ്ടെന്ന് സ്കൂൾ അധികൃതർ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ആദ്യ ഗഡു ഫീസ് അടയ്ക്കണം എന്ന് കോടതി നിർദ്ദേശം നൽകിയത്. ഫീസിൽ കോടതി എന്തെങ്കിലും കുറവ് വരുത്തിയാൽ രണ്ടാം ഗഡുവിൽ അത് കുറയ്ക്കണമെന്നും ഉത്തരവിലുണ്ട്.

പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും ഫീസ് കൊടുത്ത് പഠിക്കുന്ന സ്കൂൾ സ്വയം തെരഞ്ഞെടുത്തതാണെന്നും കേസിന്റെ പേരിൽ ഫീസ് കൊടുക്കാതിരിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. ചെലവിന് ആനുപാതികമായി മാത്രമേ ഫീസ് ഈടാക്കാവൂ   എന്ന ഉത്തരവ് ഈ അധ്യായന വർഷത്തിലേക്ക് മാത്രമായിരിക്കും എന്നും കോടതി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.