യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
''ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്, ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യ ത്തിലായിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണം വരെ, അതേ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു'.
ക്രിസ്മസ് എന്ന ക്രിസ്തീയ വിശ്വാസ രഹസ്യത്തെപ്പറ്റിയുള്ള സെന്റ് പോളിന്റെ ലേഖനത്തിലെ ക്രിസ്തുവിജ്ഞാനീയമാണ് മേല്‍ വിവരിച്ചത്. മനുഷ്യാവതാരം എന്നാല്‍, ദൈവപുത്രന്റെ മനുഷ്യത്വത്തിലേക്കുള്ള ശൂന്യവല്‍ക്കരണമാണ് എന്ന് ഈ ക്രിസ്റ്റോളജി നമ്മെ പഠിപ്പിക്കുന്നുണ്ട്. ക്രിസ്മസ് ശൂന്യവല്‍ക്കരണത്തിന്റെ തിരുനാളാണ്. അതിദ്രുതം പായുന്ന ആധുനികതയുടെ ആവേഗങ്ങള്‍ക്കിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ് നിശ്ചലമാകുന്ന പതിതജീവിതങ്ങളുടെ മുറിവേറ്റ മൗനങ്ങളിലേക്ക് നെഞ്ചു ചേര്‍ത്തുവയ്ക്കാനുള്ള ഹൃദയമുള്ള ദൈവത്തിന്റെയും ദൈവത്തിന്റെ ഹൃദയമുള്ളവരുടെയും പിറന്നാളാണ് ക്രിസ്മസ്.
ഓടുന്നവന്റെ കുതികാലുവെട്ടി വേഗത നശിപ്പിക്കുന്നവനല്ല, മുറിഞ്ഞ പാദ ങ്ങള്‍ക്കു മുറിവെണ്ണ പുരട്ടാന്‍ സ്വയം വേഗത കുറയ്ക്കുന്നവരാണ് ക്രിസ്തു രൂപത്തിന്റെ പുനരവതാരങ്ങള്‍. ഇങ്ങനെ വേഗത കുറഞ്ഞ ജീവിതങ്ങള്‍ക്കു വേണ്ടി സ്വന്തം വേഗത മറന്ന ഓട്ടക്കാരനാണ് ക്രിസ്തു.
''അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചു. രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു. ജന ങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു'. മനസ് തകര്‍ന്ന മനുഷ്യരെത്തിരഞ്ഞ് മണ്ണിലൂടെ നടക്കാന്‍ മനസായ ദൈവമാണ് യേശുക്രിസ്തു. ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചത് കുതിരപ്പുറത്തോ, വാഹനങ്ങളിലോ ആയിരുന്നില്ല. കാല്‍നടയായിട്ടായിരുന്നു. പ്രകൃതി സൗന്ദര്യമാസ്വദിക്കാനായിരുന്നില്ല. മനുഷ്യന്റെ വൈരൂപ്യങ്ങള്‍ സുഖ പ്പെടുത്തുവാനായിരുന്നു.
ലോകം ചുറ്റിയ സഞ്ചാരികളായ ഫാഹിയാന്‍, ഹുയാന്‍ സാങ്, ഇബനു ബത്തൂത്ത തുടങ്ങിയവരുടെ യാത്രാ വിവരണം പോലെ, ഏതെങ്കിലും ദേശചരിത്രമോ സാംസ്‌കാരിക വിവരണമോ, ഒന്നും ക്രിസ്തുവിന്റെ ചുറ്റിനടപ്പിന്റെ ബൈബിള്‍ വര്‍ണനകളിലില്ല. ക്രിസ്തു നടന്നത് മനുഷ്യനു ചുറ്റുമായിരുന്നു. കുഷ്ഠരോഗിക്കു ചുറ്റും തളര്‍വാതരോഗിക്കു ചുറ്റും... പിശാചുബാധിതര്‍ക്കു ചുറ്റും... ജീവിതം കൈവിട്ടുപോയവര്‍ക്കു ചുറ്റും.... ചുറ്റി നടന്നപ്പോള്‍ അവരുടെ വേഗതയിലേക്ക് സ്വയം ശൂന്യവത്കരിക്കാന്‍ ക്രിസ്തു നടത്തിയ പ്രയത്‌നമാണ് മനുഷ്യാവതാരം.
ഓടാനുള്ള ശേഷി കാലുകള്‍ക്കുണ്ടായിട്ടും കുഷ്ഠരോഗിയെക്കണ്ടപ്പോള്‍ അവന്‍ ഓടിമാറിയില്ല. മനുഷ്യനു ചുറ്റും നടന്നപ്പോള്‍ എല്ലാ വശങ്ങളില്‍ നിന്നും ഒരു വ്യക്തിയെക്കാണാന്‍ ക്രിസ്തുവിനു കഴിഞ്ഞു. അതുകൊണ്ടു തന്നെ പാര്‍ശ്വവീക്ഷണത്തിന്റെ പക്ഷപാതപരമായ വിധിവാചകങ്ങള്‍ കൊണ്ട്, അപരന് പ്രതിക്കൂടു പണിയാന്‍ ക്രിസ്തു മുതിര്‍ന്നില്ല. ക്രിസ്തുവിന്റെ വാക്കുകള്‍ സൗഖ്യ മൊഴികളായിരുന്നു. ക്രിസ്തുമസ് നമ്മെ വേഗത മറക്കുവാന്‍ മാടി വിളിക്കുന്നു. നടക്കാന്‍ വയ്യാത്തവരുടെ കൂടെ നില്‍ക്കുവാന്‍, ഇരിക്കാന്‍ വയ്യാത്തവരെ താങ്ങുവാന്‍, ഉറങ്ങാനാകാത്തവര്‍ക്കു കൂട്ടിരിക്കുവാന്‍ മനുഷ്യത്വമുള്ളവരെ ക്രിസ്മസ് മാടി വിളിക്കുന്നു. ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.
ഫാ റോയ് കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.
ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക