തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഓർഡിനന്‍സ് പിന്‍വലിക്കണണമെന്ന് ഗവർണറോട് ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പോലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പോലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും. പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ രാഷ്ട്രീയ തീരുമാനം എടുത്തെങ്കിലും ഭരണപരമായ നടപടിക്രമങ്ങള്‍ ബാക്കിയാണ്.
ഇനി മൂന്നു വഴികളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ഒന്ന് ഭരണഘടനയുടെ അനുച്ഛേദം 213(2) പ്രകാരം നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ ആറാഴ്ച വരെ ഓര്‍ഡിനന്‍സ് നിയമ പ്രാബല്യമുണ്ടാകും. ആറാഴ്ചയ്ക്കുള്ളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. രണ്ടാമത്തെ വഴി ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാമെന്നതാണ് . മൂന്നാമത്തെ വഴി മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിക്കാം എന്നതാണ്. ഈ വഴിയിലൂടെയാകും സര്‍ക്കാര്‍ നീങ്ങുക. നാളത്തെ മന്ത്രിസഭാ യോഗം ആദ്യ ഓർഡിനൻസ് റദ്ദ് ചെയ്യാനുള്ള റിപ്പീലിങ് ഓര്‍ഡിനന്‍സ് പരിഗണിച്ച് ഗവര്‍ണര്‍ക്ക് അയക്കും.
അതേസമയം നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ നാളെ ഹൈക്കോടതി പരിഗണിക്കും. പോലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു.