ഹത്തയില്‍ തേനുല്‍സവം

ഹത്തയില്‍ തേനുല്‍സവം

ഹത്ത: ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന തേനുല്‍സവത്തിന് ഹത്തയില്‍ തുടക്കമായി. മുനിസിപ്പാലിറ്റി ഹാളില്‍ ഡിസംബർ 31 വരെയാണ് തേനുല്‍സവം നടക്കുക. രാവിലെ 9 മുതല്‍ രാത്രി 8 മണിവരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. വിവിധ തരത്തിലുളള തേനുകള്‍ കാണാനും വാങ്ങാനുമുളള അവസരമാണ് തേനുല്‍സവം മുന്നോട്ടുവയ്ക്കുന്നത്. 50 സ്വദേശി തേനീച്ച വളർത്തു തൊഴിലാളികളാണ് തേനുല്‍സവത്തിന്‍റെ ഭാഗമാകുന്നത്.

ഹത്തയിലെ പ്രാദേശിക ഉത്പാദന മേഖലകള്‍ക്ക് സഹായം നല്‍കുകയെന്നതാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.ഹത്തയിലെ തേൻ ഉത്പാദന മേഖലയുടെ പ്രാധാന്യമാണ് തേനുല്‍സവം വ്യക്തമാക്കുന്നതെന്നും മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സുപ്രധാന വികസന സംരംഭങ്ങളിലൊന്നാണിതെന്നും ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ ഏജൻസിയുടെ ആക്ടിംഗ് സിഇഒ ആലിയ അൽ ഹർമൂദി പറഞ്ഞു.

ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) വഴി പരിശോധന നടത്തി മൂല്യമുറപ്പിച്ചാണ് സന്ദർശകരിലേക്ക് തേന്‍ എത്തുന്നത്.വിവിധ വകഭേദങ്ങള്‍ പ്രദർശനത്തിലുണ്ട്. തേനിന്‍റെ ഗുണനിലവാരത്തെ കുറിച്ച് സന്ദർശകരെ അറിയിക്കുന്നതിനുളള വേദികൂടിയാണ് തേനുല്‍സവം. തേന്‍ സാമ്പിള്‍ പരിശോധന കോർണർ, കുട്ടികള്‍ക്ക് കളിക്കാനുളള സ്ഥലമെല്ലാം ഇവിടെയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.