ദുബായ്: യുഎഇ പൗരന്മാരായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വർഷത്തെ അവധി നല്‍കും. കഴിഞ്ഞ ജൂലൈയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ജനുവരി രണ്ട് മുതല്‍ ഇത് നടപ്പില്‍ വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സർക്കാർ ജോലി നഷ്ടപ്പെടുത്താതെ പുതിയ ബിസിനസിലേക്ക് വരാന്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പകുതി ശമ്പളത്തോടുകൂടിയുളള അവധിയാണ് അനുവദിക്കുക. യുഎഇയുടെ പ്രൊജക്ട് ഓഫ് ദ 50 യുടെ ഭാഗമായാണ് പദ്ധതി.
അവധിക്ക് അപേക്ഷിച്ചുതുടങ്ങാമെന്നും അധികൃതർ അറിയിച്ചു. ജീവനക്കാരൻ ജോലി ചെയ്യുന്ന ഫെഡറൽ അതോറിറ്റിയുടെ മേധാവിയാണ് അവധി അനുവദിക്കേണ്ടത്. അവധിയുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദ്ദേശം സാമ്പത്തിക കാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, ഫെഡറൽ അതോറിറ്റി എന്നിവയുമായി ചേർന്ന് തയ്യാറാക്കും.