കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴ പെയ്തു. ഇടിമിന്നലോടുകൂടിയ മഴയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. അഹ്മദി തുറമുഖത്ത് 63 മില്ലിമീറ്ററും കുവൈത്ത് സിറ്റിയിൽ 17.7 മി.മീറ്ററും വിമാനത്താവള ഭാഗത്ത് 12.5 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. മിന്നല്‍ പ്രളയമുണ്ടാകാനിടയുളള സ്ഥലങ്ങളിലേക്കുളള യാത്ര പാടില്ലെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഒമാനില്‍ വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ ഇന്ന് രാത്രിയോടെ മഴ കുറയും.മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കത്ത്, ദാഹിറ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും വ്യാഴാഴ്ച മഴ പെയ്യുക.മണിക്കൂറില്‍ 30 മുതല്‍ 70 കിലോമീറ്റർ വരെ വേഗത്തില്‍ തണുത്ത കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
യുഎഇയിലും വ്യാഴാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ പരക്കെ മഴലഭിച്ചുവെങ്കിലും ബുധനാഴ്ച ഒറ്റപ്പെട്ട മഴയാണ് ലഭ്യമായത്. വ്യാഴാഴ്ച തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കിഴക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.