അബുദാബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ടെലഫോണില്‍ ചർച്ചനടത്തി. ഇരു രാജ്യങ്ങളും തമ്മ്ലിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് ഭരണാധികാരികള്‍ ചർച്ചകള്‍ നടത്തിയത്.
അയല്‍ രാജ്യങ്ങള്‍ക്കിടയിലെ സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ മേഖലകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുളള വഴികളും ചർച്ചയില്‍ വിഷയമായി. പ്രാദേശിക അന്തർദേശീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തുവെന്ന് ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാം റിപ്പോർട്ട് ചെയ്തു.
ഖത്തറില്‍ ഫിഫ ലോകകപ്പ് നടന്ന സമയത്ത് യുഎഇ ഭരണാധികാരികള്‍ ഉദ്ഘാടനത്തിനും മത്സരങ്ങള്‍ കാണാനും സമാപനചടങ്ങിനുമെല്ലാം സാന്നിദ്ധ്യം അറിയിച്ചിരുന്നു. മേഖലയുടെ അഭിമാനമുയർത്തിയ ലോകകപ്പിന്‍റെ നടത്തിപ്പ് വിജയത്തില്‍ ഖത്തറിനെയും അമീറിനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായുളള ചർച്ചകളും നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.