ദുബായ്: മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി ദുബായ്. 30 ശതമാനം നികുതിയാണ് ഒഴിവാക്കിയത്. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലായി. അതേസമയം ദുബായില്‍ മദ്യം വാങ്ങുന്നതിനുളള ലൈസന്‍സ് സൗജന്യമാക്കി. മറ്റ് എമിറേറ്റുകള്‍ക്ക് ഇത് ബാധകമല്ല. വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കുന്നതിനോ വാഹനത്തില്‍ കൊണ്ടുപോകുന്നതിനോ ലൈസന്‍സ് നിർബന്ധമാണ്. നേരത്തെ വർഷത്തില്‍ 200 ദിർഹമുണ്ടായിരുന്ന ഫീസാണ് ജനുവരി ഒന്നുമുതല്‍ നിർത്തലാക്കിയത്.
21 വയസിന് മുകളിലുളളവർക്ക് മാത്രമെ മദ്യം ഉപയോഗിക്കാന്‍ അനുവാദമുളളൂ. നിശ്ചിത സ്ഥലങ്ങളില്‍ മാത്രമെ മദ്യ ഉപഭോഗം പാടുളളൂവെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. നികുതി ഒഴിവാക്കിയതോടെ മദ്യത്തിന്‍റെ വില കുറയും. ഇതുവരെ കുറഞ്ഞ നിരക്കില്‍ മദ്യം ലഭിക്കാനായി മറ്റ് എമിറേറ്റുകളെയായിരുന്നു ദുബായിലുളളവർ ആശ്രയിച്ചിരുന്നത്. എന്നാല്‍ നികുതി ഒഴിവാക്കിയതോടെ കുറഞ്ഞ വിലയ്ക്ക് ഇനി ദുബായിലും മദ്യം ലഭ്യമാകും.