കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. സ്വർണക്കടത്ത് നടത്തിയത് ശിവശങ്കറിന്റെ അറിവോടെയാണെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . എന്നാൽ ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇത് സമ്മതിച്ചിട്ടില്ല എന്നാണ് വിവരം. വാട്സ് ആപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കൂടി നിരത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. 30ാം തീയതി വരെ കസ്റ്റംസിന് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സാധിക്കും.
ഡോളർ കടത്ത് കേസിൽ സ്വപ്ന ,സരിത്ത് എന്നിവരുടെ ചോദ്യം ചെയ്യലും ആരംഭിച്ചിട്ടുണ്ട്. അതേസമയം ശിവശങ്കറിൻ ജയിലിൽ നിന്നും കുടുംബവുമായി വീഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെടാനുള്ള അനുമതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകി.നോട്ട്ബുക്ക്, കടലാസ്, പേന എന്നിവ വേണമെന്ന് ശിവശങ്കറിന്റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്.