മാതൃവേദിയിലും കുടുംബ പ്രേഷിതത്വ ഫോറത്തിലും പുതിയ നിയമനങ്ങള്‍

 മാതൃവേദിയിലും കുടുംബ പ്രേഷിതത്വ ഫോറത്തിലും പുതിയ നിയമനങ്ങള്‍

കൊച്ചി: അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂര്‍ അതിരൂപതാംഗം ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വ ഫോറം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗം ഫാ. മാത്യു ഓലിക്കലും നിയമിതരായി. സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അന്താരാഷ്ട്ര മാതൃവേദി.

കാലാവധി പൂര്‍ത്തിയാക്കിയ ഫാ. വിന്‍സെന്റ് എലവത്തിങ്കല്‍കൂനന്‍, ഫാ. ഫിലിപ്പ് വട്ടയത്തില്‍ എന്നിവരുടെ ഒഴിവിലേക്കാണ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ നിയമനങ്ങള്‍ നടത്തിയത്.

തൃശൂര്‍ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കല്‍ റോമിലെ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. 2016 മുതല്‍ തൃശൂര്‍ അതിരൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറായും മേരിമാതാ മേജര്‍ സെമിനാരിയില്‍ വിസിറ്റിങ് അധ്യാപകനായും സേവനം ചെയ്തു വരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. മാത്യു ഓലിക്കല്‍ മുന്‍പ് രൂപതയുടെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെയും ആവേ മരിയാ ധ്യാന കേന്ദ്രത്തിന്റെയും ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.