പലതരത്തിലുള്ള ബോധവല്‍ക്കരണങ്ങളും ഇക്കാലത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. സാധാരണയായി കണ്ടുവരാറുള്ള ബോധവല്‍ക്കരണങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ബോധവല്‍ക്കരണം നല്‍കുന്നയാളാണ് പങ്കജ് കുമാര്‍. ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ കാമാം ഇദ്ദേഹത്തെ. പുറത്ത് എപ്പോഴും ചെടിയുണ്ട്. മുഖത്താകട്ടെ ഒരു ഓക്‌സിജന്‍ മാസ്‌കും.
വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കണം എന്ന സന്ദേശം നല്‍കാനാണ് വ്യത്യസ്തമായ ഈ ബോധവല്‍ക്കരണത്തിലൂടെ പങ്കജ് ശ്രമിക്കുന്നത്. ബീഹാര്‍ സ്വദേശിയാണ് പങ്കജ് കുമാര്‍. ഒരു കാനിലെ വെള്ളത്തില്‍ ചെടി വളര്‍ത്തി ആ കാന്‍ ഇദ്ദേഹം പുറത്ത് തൂക്കിയിട്ടിരിക്കുന്നു. കാനില്‍ നിന്നും വരുന്ന ജീവവായുവാണ് മാസ്‌കിലൂടെ ഇദ്ദേഹം ശ്വസിക്കുന്നത്. ഇവയ്ക്ക് പുറമെ കഴുത്തില്‍ ഒരു ബോര്‍ഡും തൂക്കിയിരിക്കുന്നു പങ്കജ്. പ്ലാന്റ് ട്രീസ്, സേവ് ട്രീസ് എന്നാണ് ആ ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.
ദില്ലിയിലെ പല ഇടങ്ങളിലും ഈ സന്ദേശവുമായി പങ്കജ് സഞ്ചരിക്കാറുണ്ട്. പലരും കൗതുകത്തോടെ നോക്കുന്നു. ചിലര്‍ അഭിനന്ദിക്കുന്നു. നോയിഡയില്‍ പച്ചക്കറി വില്‍പനയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കജിന്. എന്നാല്‍ ഇന്ന് രാത്രികളില്‍ ഒരു മള്‍ട്ടി നാഷ്ണല്‍ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു. പകല്‍സമയത്താകട്ടെ ബോധവല്‍ക്കരണവും.
ജലസംരക്ഷണം, വായു മലിനീകരണം തടയുക, മരങ്ങള്‍ നടുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം തെരുവുകളിലൂടെ നടന്ന് പങ്കജ് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ ഇദ്ദേഹം ബോധവല്‍ക്കരണം നല്‍കാന്‍ തുടങ്ങിയിട്ട്.