ശക്തി കുറഞ്ഞ് ബുറേവി; ഉച്ചയോടെ
കേരളത്തിലെത്തും

ശക്തി കുറഞ്ഞ് ബുറേവി; ഉച്ചയോടെ  </br>  കേരളത്തിലെത്തും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു പുലര്‍ച്ചെ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഇന്ത്യന്‍ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ഉച്ചയ്ക്ക് 12 മണിയോടെ തെക്കന്‍ കേരളത്തിലേക്കു കടക്കുമെങ്കിലും വേഗം കുറയുമെന്നതിനാല്‍ കടുത്ത ആശങ്കയ്ക്കിടയില്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.

മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ വേഗമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി വഴി വര്‍ക്കലയ്ക്കു സമീപം കടലിലേക്കു മാറുമെന്നാണ് പുതിയ പ്രവചനം. നേരത്തേ നെയ്യാറ്റിന്‍കര വഴി വെങ്ങാനൂരിലൂടെ അറബിക്കടലിലെത്തി പ്രയാണം തുടരുമെന്നായിരുന്നു അറിയിപ്പ്. ചുഴലിയുടെ തീവ്രത കുറയുമെങ്കിലും കനത്ത മഴയ്ക്കും തീരമേഖലകളില്‍ കാറ്റിനും വന്‍തിരമാലകള്‍ക്കും സാദ്ധ്യതയുണ്ട്.

അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് വരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.