ജാഗ്രത; കോഴിക്കോട് 25 പേര്‍ക്ക് ഷിഗല്ല രോഗലക്ഷണങ്ങള്‍

ജാഗ്രത; കോഴിക്കോട് 25 പേര്‍ക്ക് ഷിഗല്ല രോഗലക്ഷണങ്ങള്‍

കോഴിക്കോട്: ഷിഗല്ല രോഗത്തിനെതിരെ മുന്‍കരുതലെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച്‌ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. ഇരുപത്തിയഞ്ച് പേര്‍ക്ക് സമാനലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. കഴിഞ്ഞദിവസം അസുഖം മൂര്‍ച്ഛിച്ച്‌ മരിച്ച കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 25 പേര്‍ക്ക് സമാന ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 9 പേര്‍ കുട്ടികളാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ രോഗം ഗുരുതരമായാല്‍ മരണ സാധ്യത കൂടുതലാണ്. 12 വയസില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിര്‍ന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.