ദുബായ്: ഈദ് അല്‍ അദ- മധ്യവേനല്‍ അവധിക്കാലം ആരംഭിക്കാറായതോടെ വിമാനത്താവളങ്ങളില്‍ യാത്രാക്കാരുടെ എണ്ണത്തിലും വർദ്ധനവ് പ്രകടമാകുന്നു. ദുബായിലെ സ്കൂളുകളുകളില്‍ ഔദ്യോഗികമായി ജൂലൈ മൂന്നിനാണ് മധ്യവേനല്‍ അവധിക്കാലം ആരംഭിക്കുന്നത്. എന്നാല്‍ ജൂണ്‍ 27,28,29,30 തിയതികളില്‍ ഈദ് അല്‍ അദ അവധിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടെ വാരാന്ത്യ അവധികൂടെയാകുമ്പോള്‍ ജൂണ്‍ 26 നാണ് അവധിക്കാലത്തിന് മുന്‍പുളള അവസാന പ്രവൃത്തിദിവസം. എന്നാല്‍ ടിക്കറ്റിന്‍റെ നിരക്ക് കുറയ്ക്കാന്‍ ഈ ദിവസത്തെ ക്ലാസുകള്‍ ഒഴിവാക്കി ആ വാരാന്ത്യ അവധിക്ക് മുന്‍പ് തന്നെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരും നിരവധി. അതേസമയം ഷാർജ ഉള്‍പ്പടെയുളള മറ്റ് എമിറേറ്റുകളില്‍ ക്ലാസുകള്‍ പൂർത്തിയാക്കി പാഠ്യേതര പ്രവർത്തനങ്ങളാണ് വരാനിരിക്കുന്ന വാരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വാരത്തില്‍ നാട്ടിലേക്ക് ടിക്കറ്റെടുത്തവരുമുണ്ട്. ചുരുക്കത്തില്‍ അവധിയോട് അനുബന്ധിച്ച് വിമാനത്താവളങ്ങളിലെ തിരക്ക് ആരംഭിച്ചുവെന്ന് വിലയിരുത്താം.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വന്നുപോകുന്ന വിമാനത്താവളമാണ് ദുബായ് വിമാനത്താവളം. 2022 ല്‍ തുടർച്ചയായ 9 ആം വർഷവും ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2023 ന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ 21.2 ദശലക്ഷം പേരാണ് ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സംവിധാനം ദുബായ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.
ചെക്ക് ഇന്‍ വേഗത്തിലാക്കാന്‍ വിവിധ വിമാനകമ്പനികള്‍ സിറ്റി ചെക്ക് ഇന്‍ സേവനം നടപ്പിലാക്കിയിട്ടുണ്ട്. യാത്രയ്ക്ക് 24 മണിക്കൂർ മുന്‍പെ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കുമെന്ന് മാത്രമല്ല ബാഗേജുകള്‍ അവിടെ നല്‍കാനും കഴിയും. ഇതോടെ യാത്ര സൗകര്യപ്രദമാകും.
സ്മാർട് ഗേറ്റിലൂടെ സുരക്ഷാ പരിശോധനകള്‍ അഞ്ച് മിനിറ്റിനുളളില്‍ പൂർത്തിയാക്കാന്‍ സാധിക്കും. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ണുകളുടെ ഐറിസ് സ്കാന്‍ ചെയ്താണ് സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നത്. മറ്റ് രേഖകളൊന്നും ഹാജരാക്കാതെ മുഖം സ്കാന്‍ ചെയ്ത് നടപടികള്‍ പൂർത്തിയാക്കാം.
ദുബായ് വിമാനത്താവളത്തില്‍ 325 റീടെയ്ല്‍ ഷോപ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്. സൗജന്യ വൈഫൈ സേവനവും ലഭ്യം. ദീർഘയാത്രകളില്‍ ദുബായ് വിമാനത്താവളത്തില്‍ ഇടവേളയെടുക്കുന്നവർക്ക് വിശാലമായ ലോഞ്ച് സൗകര്യം പ്രയോജനപ്പെടുത്താം.