അജ്മാന്‍: അകാലത്തില്‍ പൊലിഞ്ഞ മകളുടെ ദിയാധനം ജീവകാരുണ്യപ്രവർത്തനങ്ങള്‍ക്കായി നല്‍കി പിതാവ്. ഡ്രൈവറുടെ അശ്രദ്ധമൂലം അപകടത്തില്‍ മരിച്ച സ്വദേശിയായ 12 വയസുകാരിയുടെ രണ്ട് ലക്ഷം ദിർഹം ദിയാധനമാണ് പിതാവ് ജീവകാരുണ്യപ്രവർത്തനങ്ങള്‍ക്കായി നല്‍കിയത്.
അജ്മാനില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ദാരുണ അപകടമുണ്ടായത്. സ്കൂള്‍ വിട്ട് കുട്ടിയുടെ വീടിന് സമീപം വാഹനം നിർത്തുകയും കുട്ടിയെ ഇറക്കുകയും ചെയ്തു. അതേസമയം തന്നെ കുട്ടി മുന്നിലുളളത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത വാഹനം കുട്ടിയെ ഇടിക്കുകയായിരുന്നു. കേസില്‍ കുട്ടിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം കോടതി വിധിച്ചിരുന്നു.
ഗതാഗത നിയമങ്ങളും സുരക്ഷാ നിയമങ്ങളും പാലിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ അജ്മാനിലെ ഫസ്റ്റ് അപ്പീൽ കോടതി ഏഷ്യക്കാരനായ ഡ്രൈവറെ ആറ് മാസത്തേക്ക് തടവിനും ശിക്ഷിച്ചിരുന്നു.