അഡ്‌നോക്കിന്റെ അൽ ദന്ന ആശുപത്രിയുടെ പ്രവർത്തന, നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്‌സിന്

അഡ്‌നോക്കിന്റെ അൽ ദന്ന ആശുപത്രിയുടെ പ്രവർത്തന, നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്‌സിന്

അബുദാബി: അഡ്‌നോക് ഉടമസ്ഥതയിലുള്ള അൽ ദഫ്ര മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവർത്തനത്തിനും നടത്തിപ്പിനുമുളള ചുമതല മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സിന്. ആരോഗ്യ സ്ഥാപനങ്ങളുടെ ഓപ്പറേഷൻ & മാനേജ്‌മെന്റ് രംഗത്തെ മികവിനുള്ള അംഗീകാരമായാണ് പടിഞ്ഞാറൻ മേഖലയിലെ സുപ്രധാന ആശുപത്രിയുടെ പൂർണ്ണ ചുമതല ഗ്രൂപ്പിന് കൈവരുന്നത്.

ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അൽ ദഫ്ര മേഖലയിലെ ജനങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രിയുടെ ചുമതല അഡ്‌നോക് ബുർജീൽ ഹോൾഡിങ്‌സിന് നൽകിയത്. ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സ് വിവിധ രാജ്യങ്ങളിൽ പ്രവർത്തന വിപുലീകരണ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അഡ്‌നോക്ക് നിർണ്ണായക ചുമതല ഗ്രൂപ്പിനെ ഏൽപ്പിക്കുന്നത്.

സംയോജിത ക്ലിനിക്കൽ പ്രവർത്തനങ്ങൾ, ഏകോപിത നടപടികൾ, രോഗീ കേന്ദ്രീകൃതമായ പരിചരണം എന്നിവയിലൂടെ ആഗോള നിലവാരത്തിലുള്ള സേവനങ്ങൾ മേഖലയിൽ ലഭ്യമാക്കാൻ നിയമനം ഗ്രൂപ്പിനെ പ്രാപ്തമാക്കും. ആരോഗ്യ സേവന രംഗത്തെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കിക്കൊണ്ട് അൽ ദന്ന ആശുപത്രിയിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുമെന്ന് ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ അറിയിച്ചു. വിദഗ്ദ്ധരും പരിചയസമ്പന്നരുമായ മെഡിക്കൽ സംഘത്തെ ആശുപത്രിയുടെ കാര്യക്ഷമത ഉറപ്പാക്കാനായി വിന്യസിക്കും.

മികച്ച രോഗീപരിചരണം നൽകുന്നതിനുള്ള വിപുലമായ സാങ്കേതിക സംവിധാനങ്ങൾ ഗ്രൂപ്പിനുണ്ട്. ട്രോമ, സ്ത്രീകളുടെ പരിചരണം, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, നട്ടെല്ല്, ന്യൂറോ കെയർ, അവയവം മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെ സങ്കീർണ്ണ ചികിത്സ പ്രദാനം ചെയ്യുന്നതിലെ വൈദഗ്ദ്യമാണ് ബുർജീൽ ഹോൾഡിങ്‌സിന്റെ മറ്റൊരു സവിശേഷത. ഒക്യുപേഷണൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, അത്യാഹിത വിഭാഗം എന്നിവയടക്കമുള്ള മൾട്ടി-സ്പെഷ്യാലിറ്റി സേവനങ്ങളാണ് ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ (ജെസിഐ) അംഗീകാരമുള്ള അൽ ദന്ന ഹോസ്പിറ്റൽ പ്രദാനം ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.