ദുബായിലെ റെയില്‍വെ വികസനം നിയമഭേദഗതിക്ക് അംഗീകാരം

ദുബായിലെ റെയില്‍വെ വികസനം നിയമഭേദഗതിക്ക് അംഗീകാരം

ദുബായ്: എമിറേറ്റിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ടുളള നിയമഭേദഗതിക്ക് അംഗീകാരം. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഇതോടെ ദുബായ് റെയില്‍ ശൃംഖലയുടെ വികസനം, ആസൂത്രണം, പദ്ധതി തയ്യാറാക്കല്‍, തുടങ്ങിയ നടപ്പിലാക്കുന്നതില്‍ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയ്ക്ക് കൂടുതല്‍ ചുമതലകളായി.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമ ഭേദഗതിക്ക് അംഗീകാരം നല്കിയത്. സുരക്ഷ നിയന്ത്രണ സ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നടപടി ക്രമങ്ങള്‍, നിയന്ത്രണങ്ങള്‍, മാനദണ്ഡങ്ങള്‍, ആവശ്യകതകള്‍ എന്നിവയെല്ലാം വിലയിരുത്തേണ്ടത് ആർടിഎ ആയിരിക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങളെ കുറിച്ചും ഭേദഗതിയില്‍ പ്രതിപാദിക്കുന്നു.

റെയിൽവേയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഏർപ്പെടാനും റെയിൽ ഏജൻസിയും സേഫ്റ്റി റെഗുലേറ്ററി എന്റിറ്റിയും സമർപ്പിക്കുന്ന നയങ്ങളും പദ്ധതികളും പ്രോഗ്രാമുകളും സ്വീകരിക്കാനും അതോറിറ്റിക്ക് അനുമതിയുണ്ട്. നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനുമുള്ള നയങ്ങളും പദ്ധതികളും റെയിൽ ഏജൻസി തയ്യാറാക്കും. ഇതിന് അനുമതി നല്‍കേണ്ടത് അതോറിറ്റിയുടെ ഡയറക്ടർ ജനറലായിരിക്കും.

രണ്ട് തരത്തിലുളള റെയില്‍ ശൃംഖലയാണ് നിലവില്‍ അതോറിറ്റിക്ക് കീഴിലുളളത്. ദുബായ് മെട്രോയും ട്രാമും. അബുദബി അല്‍ ദഫ്രയിലെ അല്‍ സിലയെ ഫുജൈറയിലേക്ക് ബന്ധിപ്പിക്കുന്ന എത്തിഹാദ് റെയില്‍ യാത്രാ സേവനത്തിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല ദുബായ്ക്കും അബുദബിക്കും ഇടയിൽ 50 മിനിറ്റിനുള്ളിൽ യാത്ര സാധ്യമാക്കും. അബുദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിനുളളില്‍ എത്താം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.