ദുബായ്: കടുത്ത ചൂടിലൂടെ കടന്ന് പോവുകയാണ് യുഎഇ. അബുദബിയില്‍ കഴിഞ്ഞ ദിവസം താപനില 48 ഡിഗ്രി സെല്‍ഷ്യസിനുമുകളിലേക്ക് എത്തിയിരുന്നു. ദുബായിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് ശരാശരി താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. അതേസമയം ഉച്ചയോടെ ചില മേഖലകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുണ്ടെന്നും മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
കടുത്ത വേനലിലും യുഎഇയില്‍ മഴ ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വേനലില്‍ പെയ്ത മഴയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതാപനമടക്കമുളള അന്തരീക്ഷ പ്രതിഭാസങ്ങള്‍ വേനലിലെ മഴ കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.
തിങ്കളാഴ്ചയും മഴ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാര്യമായി എവിടെയും പെയ്തില്ല. ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. ചൊവ്വാഴ്ച രാജ്യത്തിന്‍റെ വടക്കന്‍ മേഖലകളില്‍ മഴ കിട്ടുമെന്നാണ് പ്രവചനം. ഫുജൈറയിലെ പല ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ കണക്കുകൂട്ടുന്നു.