ഏകീകൃത കുര്‍ബാനക്രമം: ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പ്രസ്താവനയ്ക്കെതിരെ സീറോ മലബാര്‍ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി

 ഏകീകൃത കുര്‍ബാനക്രമം: ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പ്രസ്താവനയ്ക്കെതിരെ സീറോ മലബാര്‍ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി

കൊച്ചി: സീറോ മലബാര്‍ സഭയുടെ തനിമയും സ്വത്വവും നിര്‍മ്മിക്കപ്പെടേണ്ട ആരാധനയിലെ ഐക്യരൂപ്യം കാലം നമ്മില്‍ നിന്നും ആവശ്യപ്പെടുന്ന അനിവാര്യമായ വിട്ടുകൊടുക്കലും വീണ്ടെടുക്കലുമാണെന്ന് സീറോ മലബാര്‍ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. പ്രാദേശിക ചിന്തകള്‍ മറന്ന് ഐക്യത്തിന് നിദാനമാകുന്ന പ്രായോഗികമായ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാനാണ് സഭയെ സ്നേഹിക്കുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിനെപോലെയുള്ള സഭാതാരം പുരസ്‌കാരം നേടിയവര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അവസാന മണിക്കൂറുകളില്‍ സഭയിലെ കൂട്ടായ്മ തകര്‍ക്കാനുള്ള അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. ഓഗസ്റ്റ് 20 ഞായറാഴ്ച എറണാകുളം അങ്കമാലി അതിരൂപതയില്‍ മുഴുവന്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പിലാകാന്‍ സഭ മുഴുവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന് തടസം സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ അനുചിതമാണെന്ന് അല്‍മായ ഫോറം വിലയിരുത്തി.

തിരുസഭയുടെ പാരമ്പര്യവും പൗരസ്ത്യ സഭകളുടെ കാനന്‍ നിയമവും പ്രകാരം ആരാധനാ ക്രമകാര്യങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്റെയും സീറോ മലബാര്‍ സിനഡിന്റെയും നീണ്ട പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷം ഏകീകൃത കുര്‍ബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാന്‍ സഭയുടെ അംഗീകാരത്തോടെ വന്ന ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിന് സാധിക്കട്ടേയെന്ന് സഭാംഗങ്ങള്‍ക്കെല്ലാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിതാവിന്റെ തീരുമാനത്തെ വെല്ലുവിളിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് മിടുക്കല്ല എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഓര്‍ക്കണം. മാര്‍പാപ്പയെയാണോ അദ്ദേഹം വെല്ലുവിളിക്കുന്നതെന്നും ടോണി ചിറ്റിലപ്പിള്ളി ചോദിച്ചു.

തല്‍സ്ഥിതി തുടരാനും സമവായത്തിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറയുമ്പോള്‍ സഭ അസാധുവാക്കിയ കുര്‍ബാന തുടരാമെന്നാണോ അര്‍ത്ഥമെന്നും വ്യക്തിപരമായി അദ്ദേഹം എടുക്കുന്ന ഇത്തരം നിലപാടുകള്‍ സഭാ സംവിധാനത്തെ തകര്‍ക്കുമെന്നാണ് അല്‍മായ ഫോറത്തിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിരുത്തരവാദപരമായ പ്രസ്താവനകളെ അല്‍മായ ഫോറം തള്ളിക്കളയുന്നുവെന്നും ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു.

ഏകീകൃത കുര്‍ബാനാ ക്രമം എറണാകുളത്ത് നടപ്പിലാക്കാന്‍ മാര്‍പാപ്പയോടും സീറോ മലബാര്‍ സിനഡിനോടും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പിതാവിനോടും ഒപ്പം നില്‍ക്കുകയാണ് അല്‍മായ പ്രേഷിതന്‍ എന്ന നിലയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ശ്രമിക്കേണ്ടതെന്ന് ആദരവോടെ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നതായും അല്‍മായ ഫോറം സെക്രട്ടറി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.