വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസമെന്നാല്‍, അവനുമായി വ്യക്തിബന്ധം സ്ഥാപിക്കുകയെന്നതാണെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. യേശുവുമായുള്ള വ്യക്തിബന്ധത്തില്‍ നിലനിന്നുകൊണ്ട് നാം പ്രാര്‍ത്ഥിച്ചാല്‍, അത് നിരസിക്കാന്‍ ഒരിക്കലും അവന് സാധിക്കില്ല. യഥാര്‍ത്ഥ വിശ്വാസം ആശയങ്ങളുടെ സമ്പന്നതയില്‍ അധിഷ്ഠിതമല്ല മറിച്ച്, പ്രവൃത്തികളിലൂടെ പ്രകടമാക്കുന്നതാണ് - പാപ്പ പറഞ്ഞു.
ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനയ്ക്കായി, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒന്നിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. ദൈവത്തില്‍ പൂര്‍ണമായി ശരണപ്പെട്ട് അവനിലേക്ക് തിരിയുന്ന ഏതൊരാളുടെമേലും അവന്റെ മനസലിയും. അക്കാരണത്താല്‍, നമ്മുടെ പ്രാര്‍ത്ഥനകളില്‍ 'അല്‍പം ശാഠ്യം' ആകാമെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.
ഞായറാഴ്ചത്തെ സുവിശേഷ വായനയെ ആസ്പദമാക്കിയുള്ള ധ്യാന ചിന്തകളാണ് പരിശുദ്ധ പിതാവ് വിശ്വാസികളുമായി പങ്കുവച്ചത്. കാനാന്‍കാരി സ്ത്രീയെക്കുറിച്ചും അവളുടെ ഉറച്ച വിശ്വാസത്തെക്കുറിച്ചും (മത്തായി 15: 21-28) വിവരിക്കുന്ന ഭാഗമായിരുന്നു അത്. പിശാചിനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന തന്റെ മകളെ സുഖപ്പെടുത്തണമെന്ന ആവശ്യം കാനാന്‍കാരി സ്ത്രീ അല്‍പം ശാഠ്യത്തോടെയാണ് യേശുവിനു മുമ്പില്‍ അവതരിപ്പിച്ചത്. ഉറച്ച വിശ്വാസത്തോടെയുളള അവളുടെ നിര്‍ബന്ധപൂര്‍വ്വമായ അപേക്ഷയെ നിരസിക്കാന്‍ യേശുവിനു സാധിച്ചില്ല. 'നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ' എന്നു പറഞ്ഞു കൊണ്ട് തല്‍ക്ഷണം യേശു അവളുടെ മകളെ സുഖപ്പെടുത്തി.
യേശു നമ്മുടെ പ്രാര്‍ത്ഥനകള്‍ നിരസിക്കില്ല
കാനാന്‍കാരി സ്ത്രീയോടുള്ള യേശുവിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റം പലപ്പോഴും തന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്ന് പാപ്പ പറഞ്ഞു. യേശുവില്‍ അവള്‍ക്കുണ്ടായിരുന്ന ദൃഢവിശ്വാസത്തിനും ധൈര്യപൂര്‍വ്വമുള്ള അവളുടെ അപേക്ഷക്കും മുമ്പില്‍, അവന്‍ കൂടുതല്‍ മനസലിവുള്ളവനും അനുകമ്പയുള്ളവനുമായി മാറുന്നതായി നമുക്കു കാണാന്‍ സാധിക്കും. 'ദൈവം ഇങ്ങനെയാണ്; കാരണം, അവന്‍ സ്‌നേഹമാണ്' - പാപ്പ എടുത്തുപറഞ്ഞു.
പാപ്പാ ഇങ്ങനെ തുടര്‍ന്നു: സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കൂ. തങ്ങളുടെ പദ്ധതികളില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് മടിയില്ല. ക്രിസ്തു നല്‍കിയ ഈ മാതൃക അനുകരിക്കാന്‍ ക്രിസ്ത്യാനികളായ നാം കടപ്പെട്ടിരിക്കുന്നു.
ക്രിസ്തുവുമായുള്ള തുറന്ന സംഭാഷണം
കാനാന്‍കാരി സ്ത്രീക്കുണ്ടായിരുന്ന വിശ്വാസത്തിലേക്ക് പരിശുദ്ധ പിതാവ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. ആശയസമ്പന്നതയില്‍ അധിഷ്ഠിതമായ വിശ്വാസമല്ല മറിച്ച്, പ്രവൃത്തിയിലൂടെ പ്രകടമാക്കിയ വിശ്വാസമാണ് അവള്‍ക്കുണ്ടായിരുന്നത്. അവള്‍ 'അടുത്തു വന്നു, പ്രണമിച്ചു, തുറന്ന സംഭാഷണത്തില്‍ ഏര്‍പ്പെട്ടു', അങ്ങനെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു. ഇതുതന്നെയാണ്, വിശ്വാസത്തിന്റെ ദൃഢത അഥവാ മൂര്‍ത്തീഭാവം. അതിന്റെ അടിസ്ഥാനം ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമാണ്, കേവലം മതപരമായ ഒരു വിശേഷണമല്ല.
ഇവയുടെയെല്ലാം വെളിച്ചത്തില്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളും പാപ്പാ മുന്നോട്ടുവച്ചു: 'എന്റെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്താന്‍ ഞാന്‍ ഒരുക്കമാണോ? മറ്റുള്ളവരെ മനസിലാക്കാനും അതനുസരിച്ചുള്ള വിട്ടുവീഴ്ചകള്‍ ചെയ്യാനും ഞാന്‍ തയ്യാറാണോ? എന്റെ വിശ്വാസം എപ്രകാരമുള്ളതാണ്? അത് ചില വാക്കുകളെയും ആശയങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണോ, അതോ പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തിയിലൂടെയും ജീവിക്കുന്ന വിശ്വാസമാണോ? കര്‍ത്താവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനും അവനെ നിര്‍ബന്ധിക്കാനും ഞാന്‍ പഠിച്ചിട്ടുണ്ടോ, അതോ മനപാഠമാക്കിയ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നതിലാണോ ഞാന്‍ തൃപ്തി കണ്ടെത്തുന്നത്?'
നന്മയിലേക്ക് തുറവിയുള്ളവരാകാനും വിശ്വാസത്തില്‍ ദൃഢത പ്രാപിക്കാനും പരിശുദ്ധ അമ്മ നാം ഏവരെയും സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചു.
മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക