എറണാകുളം : വൈക്കം ഫൊറോന വെൽഫയർ സെൻ്ററിൽ ഞായാറാഴ്ച്ച വൈകുന്നേരം കൂടിയ യോഗത്തിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ശക്തമായ പ്രതിഷേധം. എറണാകുളം വികാരിയാത്തിനെ അതിരൂപതയായി ഉയർത്തിയതിൻ്റെയും സീറോ മലബാർ ഹയരാർക്കി സ്ഥാപിതമായതിൻ്റെയും ശതാബ്ദി ആഘോഷത്തിനായി വിളിച്ചു ചേർത്തതായിരുന്നു മീറ്റിംഗ്. എന്നാൽ സ്വാഗത പ്രസംഗത്തിനു ശേഷം ഫൊറോന വികാരി ഫാ. ബർക്കുമാൻസ് കൊടക്കൽ സീറോ മലബാർ സഭയുടെ ഏകീകൃത വി.കുർബാനക്കെതിരെ സംസാരിക്കുകയും സദസ്സിൽ നിന്നും അതിനെതിരെ സ്വരമുയരുകയും ചെയ്തു. എതിർപ്പിന്റെ സ്വരമുയർത്തിയവരെ വികാരിയെ അനുകൂലിക്കുന്നവർ ദേഹോദ്രപം ഏൽപ്പിക്കുകയും തുടർന്ന് പോലീസ് നടപടി ഉണ്ടാവുകയും ചെയ്തു.
സഭാ സ്ഥാപനമായ വെൽഫെയർ സെൻ്റർ വിമത വൈദിക വിഭാഗത്തിൻ്റെ പ്രവർത്തന കേന്ദ്രമാക്കുന്നതിനെതിരെയും യാതൊരു പ്രകോപനവും കൂടാതെ സഭാ സ്ഥാപനത്തിൽക്കയറി വിശ്വാസികളെ ഉപദ്രവിച്ച പോലീസിൻ്റെ വിവേകശൂന്യമായ പ്രവൃത്തിയിൽ മാർത്തോമ്മ നസ്രാണിസംഘം ഫൊറോന പ്രസിഡൻ്റ് പി.കെ കുര്യാക്കോസ് പഴേമഠം ശക്തമായി പ്രതിഷേധിച്ചു.
വൈക്കം ഫൊറോനയിലെ 19 ഇടവകകളിൽ നിന്നായി 130 ഓളം ആളുകളാണ് യോഗത്തിൽ പങ്കെടുത്തത്. ഏകീകൃത വിശുദ്ധ കുർബാനയെ അനുകൂലിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനുള്ള ചില വൈദികരുടെ തീരുമാനത്തോട് ബഹുഭൂരിപക്ഷം വിശ്വാസികളും എതിരാണ്.