ഓസ്‌ട്രേലിയയില്‍ കാര്‍ ഇടിച്ചുകയറി അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവറുടേത് ഗുരുതര അനാസ്ഥ; ഷുഗര്‍ നില കുറഞ്ഞതായുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചു

ഓസ്‌ട്രേലിയയില്‍ കാര്‍ ഇടിച്ചുകയറി അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവറുടേത് ഗുരുതര അനാസ്ഥ; ഷുഗര്‍ നില കുറഞ്ഞതായുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവറുടേത് ഗുരുതരമായ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. ഹോട്ടലിലേക്ക് എസ്യുവി ഓടിച്ച് കയറ്റി അപകടമുണ്ടാക്കുകയും അഞ്ചു പേരുടെ മരണത്തിന് കാരണമാകുകയും ചെയ്ത സംഭവത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്തത്തിലെ ഷുഗര്‍ നില കുറഞ്ഞു പോകുന്നതായി 9 തവണയോളം മൊബൈലില്‍ മുന്നറിയിപ്പ് ലഭിച്ചിട്ടും ശ്രദ്ധിക്കാതെ വാഹനമോടിച്ചതായിരുന്നു വലിയ അപകടത്തിന് കാരണമായത്.

നവംബര്‍ അഞ്ചിന് ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ഡെയ്ല്‍സ്‌ഫോര്‍ഡിലാണ് ദാരുണ സംഭവമുണ്ടായത്. ഇന്ത്യന്‍ വംശജരായ 44 കാരി പ്രബിത ശര്‍മ്മ, ഇവരുടെ ഒന്‍പതു വയസുകാരിയായ മകള്‍ അന്‍വി, പങ്കാളി ജതിന്‍ ചഗ്, 38 കാരനായ വിവേക്, ഇയാളുടെ മകനായ വിഹാന്‍ ഭാട്ടിയ (11) എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം അവധി ദിനം ആഘോഷിക്കുന്നതിനിടയിലാണ് വാഹനത്തിന്റെ രൂപത്തില്‍ മരണമെത്തിയത്.

ഹോട്ടലിലെ പബ്ബിലേക്കായിരുന്നു 66കാരനായ വില്യം സ്വേല്‍ തന്റെ എസ്യുവി ഓടിച്ച് കയറ്റിയത്. മൂന്ന് ദശാബ്ദത്തിലേറെയായി ടൈപ്പ് വണ്‍ പ്രമേഹരോഗിയാണ് വില്ല്യം. രക്തത്തിലെ ഷുഗര്‍ നില കുറയുന്നതിനനുസരിച്ച് വില്യമിന് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം മൊബൈല്‍ ഫോണിലുണ്ട്. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് അര്‍ധബോധാവസ്ഥയില്‍ വാഹനമോടിച്ചതാണ് വലിയ അപകടത്തിന് കാരണമായത്. വാഹനമോടിച്ച് ആളുകളെ അപായപ്പെടുത്തിയതിനും അശ്രദ്ധമൂലം ജീവന്‍ അപകടത്തിലാക്കിയതും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അപകടമുണ്ടാവുന്നതിന് നിമിഷങ്ങള്‍ മുന്‍പ് വരെയും ഗ്ലൂക്കോസ് ലെവലിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വില്യമിന് ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. വൈകുന്നേരം 5.20 മുതല്‍ തുടര്‍ച്ചയായി വാഹനമോടിക്കുന്നതിനിടെ ലഭിച്ച മുന്നറിയിപ്പുകള്‍ ഇയാള്‍ അവഗണിക്കുകയായിരുന്നു.

പ്രതിയായ ഡ്രൈവര്‍ വില്യം ഹെര്‍ബര്‍ട്ട് സ്വലെയെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രമേഹ രോഗിയായ വില്യമിന്റെ ഇന്‍സുലിന്‍ കുറഞ്ഞ് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഇയാളുടെ അഭിഭാഷകന്‍ ആദ്യം വിശദമാക്കിയിരുന്നത്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഇന്‍സുലിന്‍ കുറവിനെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ വില്യം അവഗണിച്ചതായി വ്യക്തമായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.