ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ ദയാവധം നിയമവിധേയമാക്കാന്‍ നീക്കം; കത്തോലിക്കാ ആരോഗ്യ കേന്ദ്രങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് കാന്‍ബറ ആര്‍ച്ച് ബിഷപ്പ്

ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ ദയാവധം നിയമവിധേയമാക്കാന്‍ നീക്കം; കത്തോലിക്കാ ആരോഗ്യ കേന്ദ്രങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് കാന്‍ബറ ആര്‍ച്ച് ബിഷപ്പ്

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ (എ.സി.ടി) ദയാവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കാന്‍ബറ-ഗോള്‍ബേണ്‍ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ്. നിര്‍ദിഷ്ട നിയമങ്ങള്‍ മതസ്വതന്ത്ര്യത്തിന് തുരങ്കം വയ്ക്കുന്നതു കൂടാതെ ദയാവധത്തെ എതിര്‍ക്കുന്നവര്‍ക്ക് മതിയായ നിയമ സംരക്ഷണം ലഭിക്കുന്നില്ലെന്നും ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. ഒരു കത്തോലിക്കാ ആരോഗ്യ സംരക്ഷണ കേന്ദ്രവും ദയാവധത്തെ പിന്തുണയ്ക്കുകയോ ഏറ്റെടുക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടും അദ്ദേഹം വ്യക്തമാക്കി.

ദയാവധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് നിയമസംരക്ഷണം ലഭിക്കുമോ എന്നതിനെക്കുറിച്ച് ബില്‍ മൗനം പാലിക്കുന്നതിലുള്ള ആശങ്കയും ആര്‍ച്ച് ബിഷപ്പ് പങ്കുവച്ചു.

മരണം ഉറപ്പായ രോഗികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ദയാവധം നടപ്പാക്കുന്ന നിയമമാണ് ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ എ.സി.ടിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഗുരുതരമായ അസുഖമുള്ളതും ആറുമാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുയമായ രോഗികള്‍ക്കാണ് ദയാവധം നല്‍കുന്നത്.

ലേബര്‍-ഗ്രീന്‍സ് സഖ്യ സര്‍ക്കാരാണ് കഴിഞ്ഞ മാസം എ.സി.ടി പാര്‍ലമെന്റില്‍ ദയാവധം നടപ്പാക്കാന്‍ അനുവദിക്കുന്ന ബില്‍ അവതരിപ്പിച്ചത്. ദയാവധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രോഗിക്ക്‌ കൈമാറുന്നതില്‍ പരാജയപ്പെടുന്ന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്താനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.

മതപരമായ കാരണങ്ങളാല്‍ ദയാവധത്തോട് വിയോജിപ്പുള്ള ആരോഗ്യപ്രവര്‍ത്തകരും ക്രിമിനല്‍ കുറ്റം നേരിടേണ്ടി വരും. വിയോജിപ്പുണ്ടെങ്കിലും ദയാവധം നടപ്പാക്കുന്ന അംഗീകൃത കേന്ദ്രങ്ങളെ ബന്ധപ്പെടാനുമുള്ള വിശദാംശങ്ങള്‍ രോഗിക്ക് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നേരിടേണ്ടിവരും.

സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുളള അവകാശങ്ങളും മതസ്വാതന്ത്ര്യവും ഈ ബില്ലിലെ വ്യവസ്ഥകള്‍ കഠിനമായി പരിമിതപ്പെടുത്തിയിരിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തന്റെ വിശ്വാസങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരാളെ കുറ്റവാളിയായി കണക്കാക്കാനും ശിക്ഷിക്കപ്പെടാനും ഈ നിയമങ്ങളിലൂടെ സാധിക്കുന്നു.

കാന്‍ബറയിലെയും ഗൗള്‍ബേണിലെയും ആംഗ്ലിക്കന്‍ രൂപതയും ബില്ലിനെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.