ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധ വിഭാഗത്തിന്റെ രണ്ട് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ദക്ഷിണ ബെയ്‌റൂട്ടിലെ മശ്‌റഫിയ്യയില്‍ ഹമാസ് ഓഫിസിനുനേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൂടുതല്‍ ആളുകള്‍ മരിച്ചതായും ഒരു കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ പ്രമുഖ നേതാവ് കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ലെബനന്‍ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്‌ഫോടനം നടത്തിയത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനം ഇതോടെ മാറ്റി വെച്ചു.
ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസിന്റെ അപ്രതീക്ഷിത ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഹമാസ് വക്താവായി കാര്യങ്ങള്‍ പുറം ലോകത്തോട് വിവരിച്ചിരുന്നത് അറൂരിയാണ്. ഖസാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനായ അറൂരി ഏറെ നാളായി ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റില്‍ പെട്ടയാളായിരുന്നു.
ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. അതിനിടെ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി യോഗം ഇന്ന് ചേരും.