ഓസ്ട്രേലിയയില്‍ 20 ശതമാനം കൗമാരക്കാര്‍ ലിംഗസ്വത്വ പ്രതിസന്ധി നേരിടുന്നവര്‍; ആശങ്ക പങ്കുവച്ച് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ സെമിനാര്‍

ഓസ്ട്രേലിയയില്‍ 20 ശതമാനം കൗമാരക്കാര്‍ ലിംഗസ്വത്വ പ്രതിസന്ധി നേരിടുന്നവര്‍; ആശങ്ക പങ്കുവച്ച് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ സെമിനാര്‍

പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച്ച പകര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ (എ.സി.എല്‍) സെമിനാര്‍. ലിംഗസ്വത്വം, ഗര്‍ഭച്ഛിദ്രം, ദയാവധം, ഫെഡറല്‍ സര്‍ക്കാരിന്റെ മതപരമായ വിവേചന ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസികള്‍ക്ക് ആശങ്കകള്‍ പങ്കുവയ്ക്കാനുള്ള വേദി കൂടിയായി പെര്‍ത്തില്‍ നടന്ന സെമിനാര്‍ മാറി.

എ.സി.എല്ലിന്റെ സി.ഇ.ഒ മിഷേല്‍ പിയേഴ്സാണ് സെമിനാര്‍ നയിച്ചത്. ക്രൈസ്തവ മൂല്യങ്ങളില്‍ കെട്ടിപ്പടുത്ത ഓസ്ട്രേലിയ എന്ന രാജ്യം സമീപകാലത്ത് നേരിടുന്ന വെല്ലുവിളികളായിരുന്നു സെമിനാറിന്റെ കാതല്‍.



മതപരമായ വിവേചന ബില്ലുമായി ബന്ധപ്പെട്ട ഫെഡറല്‍ പാര്‍ലമെന്റിന്റെ നീക്കങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വ്യക്തമായ വെളിപ്പെടുത്തലായിരുന്നു മിഷേല്‍ പിയേഴ്സിന്റെ പ്രഭാഷണം. ഓസ്ട്രേലിയയിലെ ടീനേജ് പ്രായത്തിലുള്ള 20 ശതമാനം പേരും ലിംഗഭേദമില്ലാത്തവരാണെന്ന് (നോണ്‍ ബൈനറി) സ്വയം അവകാശപ്പെടുന്നതായി പിയേഴ്സ് പറഞ്ഞു. രാജ്യത്തെ യുവജനങ്ങള്‍ നേരിടുന്ന ധാര്‍മ്മിക വെല്ലുവിളികളെ അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

ഗര്‍ഭച്ഛിദ്രം, ദയാവധം, നോണ്‍ ബൈനറി തുടങ്ങിയ പുരോഗമന പ്രത്യയശാസ്ത്രങ്ങളില്‍ വ്യാപകമായ ആശയക്കുഴപ്പവും ധാര്‍മ്മിക അവ്യക്തതയും നിലനില്‍ക്കുന്നതായി മിഷേല്‍ പറഞ്ഞു. ധാര്‍മികതയ്ക്കു ചേരാത്ത ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ അധികാരത്തിലിരിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുകയും ഇടതുപക്ഷ മാധ്യമങ്ങള്‍ അതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ ആരോപിച്ചു. അതിനൊപ്പം ക്രിസ്ത്യന്‍ പഠിപ്പിക്കലുകളെ സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും പൊതുമണ്ഡലത്തില്‍ മതപരമായ ആവിഷ്‌കാരത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.

നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള മതപരമായ വിവേചന ബില്ലാണ് അതീവ ആശങ്കാജനകമായ വിഷയം. ഓരോ സംസ്ഥാനത്തിനും ബില്ലിന്റെ സ്വന്തം പതിപ്പ് തയ്യാറാക്കാനും അനുവാദമുണ്ട്. പള്ളികള്‍ക്കും ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ ബില്ലിലെ ശുപാര്‍ശകള്‍. മാനുഷിക ലൈംഗികതയെക്കുറിച്ചുള്ള ബൈബിള്‍ പഠിപ്പിക്കലുകള്‍ അനുസരിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്‌കൂളുകളുടെ അവകാശങ്ങള്‍ക്കാണ് ഭീഷണി നേരിടുന്നത്.

ആത്യന്തികമായി മതസ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന, വിഘടിതവും ഫലപ്രദമല്ലാത്തതുമായ നിയമനിര്‍മ്മാണ ചട്ടക്കൂടിലേക്കാണ് ഈ ബില്‍ നയിക്കുന്നത്.

നൂറ്റന്‍പതിലധികം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓരോരുത്തരും ഓസ്ട്രേലിയയിലെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ച് തങ്ങളുടെ ഉള്‍ക്കാഴ്ച്ചകള്‍ പങ്കുവച്ചു. രാജ്യത്തൊട്ടാകെയുള്ള 250,000-ലധികം വിശ്വാസികളുടെ പിന്തുണയോടെ, മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശക്തമായ വക്താവായി എ.സി.എല്‍ നിലകൊള്ളുന്നതായി സെമിനാറില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.

ക്രിസ്ത്യന്‍ മൂല്യങ്ങളുടെ ശോഷണത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതില്‍ വിവിധ സഭകളുടെ യോജിച്ച പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മിഷേല്‍ പിയേഴ്സ് ഊന്നിപ്പറഞ്ഞു. അംഗങ്ങള്‍ ആഴ്ച തോറുമുള്ള എ.സി.എല്ലിന്റെ ഇ-മെയിലുകള്‍ ശ്രദ്ധിക്കുകയും നിവേദനങ്ങളില്‍ ഒപ്പിടുകയും പ്രാദേശികമായ നമ്മുടെ പള്ളികളില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനുള്ള വ്യക്തിഗത ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരം ഫലപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ, ഓസ്ട്രേലിയക്കാര്‍ക്ക് മതസ്വാതന്ത്ര്യവും സമൂഹത്തിന്റെ ധാര്‍മ്മിക ഘടനയും സംരക്ഷിക്കുന്നതിന് സജീവമായി സംഭാവന ചെയ്യാന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.