അഡലെയ്ഡില്‍ ഇന്ത്യന്‍ വംശജയായ നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

അഡലെയ്ഡില്‍ ഇന്ത്യന്‍ വംശജയായ നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

അഡലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡലെയ്ഡില്‍ ഇന്ത്യന്‍ വംശജയായ നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. ഓസ്ട്രേലിയയില്‍ സ്ഥിരതാമസക്കാരായ ജിഗര്‍ പട്ടേലിന്റെയും ദീപ്തിയുടെയും മകളായ ക്രേയ പട്ടേലാണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.20നാണ് ദാരുണമായ സംഭവമുണ്ടായത്. മരണപ്പെട്ട കുട്ടി ഓട്ടിസം ബാധിതയാണ്.

ജിഗര്‍ പട്ടേല്‍ വീടിന് സമീപത്തെ പൂന്തോട്ടത്തില്‍ ജോലി ചെയ്യുന്ന സമയത്ത്, വീട്ടിനുള്ളിലായിരുന്ന കുഞ്ഞ് പുറത്തിറങ്ങി അബദ്ധത്തില്‍ പൊതു നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞ് കുളത്തില്‍ വീണതറിഞ്ഞ് ഓടിയെത്തിയ ജിഗറും സമീപവാസിയും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവ സമയം അമ്മ ദീപ്തി ജോലിസ്ഥലത്തായിരുന്നു.

അതേസമയം, പൂട്ടിട്ട് അടച്ചിരുന്ന നീന്തല്‍ കുളത്തിലേക്കുള്ള ഗേറ്റ് കുട്ടി എങ്ങനെ തുറന്നുവെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ കുളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. മരണത്തില്‍ സംശയാസ്പദമായ ഒന്നുമില്ലെന്നും കുളം താത്കാലികമായി വേലി കെട്ടി അടച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ജിഗര്‍ പട്ടേലും ഭാര്യ ദീപ്തിയും വര്‍ഷങ്ങളായി അഡലെയ്ഡിലാണ് താമസിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.