ലണ്ടന്‍: തങ്ങളുടെ വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍ പോലുള്ള നുഴഞ്ഞു കയറ്റങ്ങളെ വെടിവെച്ചു വീഴ്ത്താന്‍ അത്യാധുനിക ലേസര്‍ ആയുധവുമായി ബ്രിട്ടണ്‍. 'ഡ്രാഗണ്‍ ഫയര്‍' എന്ന ഈ ആയുധത്തിന്റെ പരീക്ഷണ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.
ഒരു കലോമീറ്റര്‍ അകലെയുള്ള നാണയത്തെ പോലും വെടിവെച്ചിടാന്‍ ഡ്രാഗണ്‍ ഫയര്‍ പര്യാപ്തമാണെന്നും പ്രതരോധ മന്ത്രാലയം പറയുന്നു. ഡ്രോണുകള്‍ വീഴ്ത്താന്‍ മിസൈലുകള്‍ക്ക് പകരം താരതമ്യേന ചെലവ് കുറഞ്ഞ ആയുധം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
സ്‌കോട്‌ലന്‍ഡിലെ ഹെര്‍ബ്രിഡ്‌സ് റേഞ്ചില്‍ ജനുവരിയിലായിരുന്നു ഡ്രാഗണ്‍ ഫയറിന്റെ ആദ്യ പരീക്ഷണം. ആയുധ നിര്‍മാണത്തിനും ഉപയോഗത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ഈ ആയുധം ഉപയോഗപ്പെടുമെന്ന് ആദ്യ പരീക്ഷണം വിജയിച്ചതിന് പിന്നാലെ പ്രതരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു.
ആര്‍മിയും റോയല്‍ നേവിയും തങ്ങളുടെ ഭാവി സൈനിക നീക്കങ്ങളില്‍ ഡ്രാഗണ്‍ ഫയര്‍ ഉപയോഗപ്പെടുത്തുമെന്നാണ് റപ്പോര്‍ട്ട്. ഡ്രാഗണ്‍ ഫയറിന്റെ പരമാവധി റേഞ്ച് എത്രയാണെന്ന് പ്രതരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
ലേസര്‍ ആയുധം വികസിപ്പിച്ചതിലൂടെ അമേരിക്ക, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് ബ്രിട്ടണും എത്തി. ഡ്രോണുകളും മിസൈലുകളും വെടിവെച്ചിടാന്‍ ഈ രാജ്യങ്ങള്‍ ലേസര്‍ ആയുധങ്ങള്‍ നേരത്തെ വികസിപ്പിച്ചിരുന്നു.
സൈനികാക്രമണങ്ങള്‍ക്കായി ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതിന് പിന്നാലെ, പ്രത്യേകിച്ച് റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ലേസര്‍ ആയുധങ്ങള്‍ ലോക രാഷ്ട്രങ്ങളുടെ ഗൗരവമായ പരിഗണനയിലാണ്.