പകല്‍ ഇരുട്ടിലാണ്ടു പോകും: അത്യപൂര്‍വ്വ സൂര്യഗ്രഹണം ഏപ്രില്‍ എട്ടിന്; ഇനി ദൃശ്യമാകുക 126 വര്‍ഷത്തിന് ശേഷം

പകല്‍ ഇരുട്ടിലാണ്ടു പോകും: അത്യപൂര്‍വ്വ സൂര്യഗ്രഹണം ഏപ്രില്‍ എട്ടിന്; ഇനി ദൃശ്യമാകുക 126 വര്‍ഷത്തിന് ശേഷം

2150 ല്‍ പസഫിക് സമുദ്രത്തിന് മുകളിലാണ് ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകുക.

ലോകം അത്യപൂര്‍വ്വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങുകയാണന്ന് ശാസ്ത്രജ്ഞര്‍. 2024 ഏപ്രില്‍ എട്ടിനാണ് പകല്‍ സമയം സന്ധ്യ സമയത്തിന് സമാനമാകുന്ന പ്രതിഭാസം അരങ്ങേറുന്നത്.

വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും ഈ പ്രതിഭാസം. 126 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സമ്പൂര്‍ണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടല്‍.

ഭൂമിയില്‍ എവിടെയെങ്കിലും 18 മാസത്തിലൊരിക്കല്‍ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ശരാശരി 100 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഒരു പ്രദേശത്ത് സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ.

ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. അതായത് പകല്‍ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല, ആ പകലില്‍ നക്ഷത്രങ്ങള്‍ കാണാന്‍ കഴിഞ്ഞേക്കാം.

സൂര്യഗ്രഹണ സമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ ഇരുട്ടിലാകുമെന്നും സന്ധ്യയ്ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് കാനഡയിലേക്കും വ്യാപിക്കുന്നതാണ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം. 7.5 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന സൂര്യഗ്രഹണം ഏകദേശം 32 ദശലക്ഷം ആളുകള്‍ക്ക് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാകും.

കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. അതായത് അപൂര്‍വമായ നീണ്ട കാലയളവാണിത്. 2150 ല്‍ പസഫിക് സമുദ്രത്തിന് മുകളിലാണ് ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകുക. അതായത് 126 വര്‍ഷം കാത്തിരിക്കണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.