മോഡിയുടെയും അമിത് ഷായുടെയും അറിവോടെ 'ഓഹരി കുംഭകോണം': ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

 മോഡിയുടെയും അമിത് ഷായുടെയും അറിവോടെ  'ഓഹരി കുംഭകോണം': ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

'നടന്നത് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഏറ്റവും വലിയ അഴിമതി. നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടു. ജെപിസി അന്വേഷണം വേണം'.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും അറിവോടെ ഓഹരി വിപണയില്‍ വലിയ കുംഭകോണം നടന്നെന്ന ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി.

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി നേതാക്കള്‍ നെട്ടോട്ടമോടുന്നതിനിടെയാണ് പാര്‍ട്ടിയുടെ പരമോന്നത നേതാക്കള്‍ക്കെതിരെ ഗൗരവതരമായ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് രാഹുലിന്റെ ആരോപണം.

ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് പ്രസ്താവന നടത്തി. സ്റ്റോക്ക് വാങ്ങാന്‍ ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിക്ഷേപകര്‍ക്ക് നിക്ഷേപ ഉപദേശം നല്‍കിയത്?

വ്യാജ ഏക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ജൂണ്‍ നാലിന് യഥാര്‍ത്ഥ ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. ഇതോടെ സാധാരണക്കാരായ ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ പറഞ്ഞു.

നടന്നത് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഏറ്റവും വലിയ അഴിമതിയാണ്. നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടു. എക്സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബിജെപി നേതാക്കള്‍ക്ക് അറിയാമായിരുന്നു. 'ഓഹരി കുംഭകോണ'ത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)യുടെ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.