ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ (എം.ജി.എന്‍.ആര്‍.ഇ.ജി.എ) പരിഷ്‌കരിക്കുന്ന വിബി ജി റാം ജി ബില്‍ 2025 (വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ - ഗ്രാമീണ്‍ ബില്‍) ലോക്സഭയില്‍ പാസാക്കി.
മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കിയതിനെതിരെയും പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെയും പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്‍ ലോക്സഭയില്‍ പാസായത്.
പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ബില്ലിന്മേല്‍ ദീര്‍ഘമായ ചര്‍ച്ച നടന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു. ഇതോടെയാണ് പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തുടര്‍ന്ന് ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിയുകയും ചെയ്തു.
വിബി ജി റാം ജി ബില്‍ 2047 ലെ വികസിത ഭാരതം എന്ന ലക്ഷ്യം നേടാനുള്ള പദ്ധതിയെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. 2005 ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരിക്കെയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. ഇതുവരെ വേതനം പൂര്‍ണമായും കേന്ദ്രത്തില്‍ നിന്നായിരുന്നു. ഇനി 40 ശതമാനം സംസ്ഥാനം വഹിക്കണം. ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 90 ശതമാനം കേന്ദ്രം നല്‍കും.
നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രം മുഴുവന്‍ തുകയും നല്‍കും. തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആയി വര്‍ധിപ്പിക്കും. തൊഴില്‍ മേഖലകള്‍ കേന്ദ്രം തീരുമാനിക്കും. ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കല്‍ തുടങ്ങിയ മേഖലകളാക്കി തിരിച്ചാകും തൊഴില്‍ ലഭ്യമാക്കുക.
ലോക്സഭയില്‍ പാസായതോടെ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. അതിനിടെ ഡിസംബര്‍ 19 ന് ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി അറിയിച്ചു.